കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്‌പെക്ടറെ പിരിച്ചുവിടണമെന്ന് നഗരസഭ; കടം വീട്ടാനാണ് പെൺകുട്ടിയെ വിറ്റതെന്ന് പ്രതി
തിരുവനന്തപുരം: വലിയ വിവാദമായ കോവളം സ്പാ പീഡനക്കേസിൽ അഞ്ചാം പ്രതിയായ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഒ. അനുരൂപിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. പ്രതിയുടെ നടപടികൾ നഗരസഭയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.പീഡനം നടന്ന 'ഡ്രീം' എന്ന പേരിലുള്ള സ്പാ സ്ഥാപനം അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്പായിൽ നിന്നുള്ള മുഴുവൻ വരുമാനവും ദിവസേന അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. പ്രതിദിനം 25,000 രൂപ വരെ ഇയാൾക്ക് ഈ സ്ഥാപനത്തിൽ നിന്ന് വരുമാനം ലഭിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.
അതിനിടെ, കേസിൽ പിടിയിലായ പെൺകുട്ടിയുടെ മാതൃസഹോദരീ ഭർത്താവ് ഞെട്ടിക്കുന്ന മൊഴിയാണ് പൊലീസിന് നൽകിയത്. തനിക്കുള്ള നാല് ലക്ഷം രൂപയുടെ കടം വീട്ടാനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെക്‌സ് മാഫിയയ്ക്ക് വിറ്റതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വരുന്ന ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
.jpg)

