കോട്ടയത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു

google news
death

മണർകാട് : കോട്ടയം മണർകാട് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാത്തിരത്തുംമൂട്ടിൽ ജൂബി (26) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് കിടന്ന ജൂബിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭർത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് ജൂബി കഴിഞ്ഞിരുന്നത്. അച്ഛനും സഹോദരനും ജോലിക്കും കുട്ടികൾ കളിക്കാനും പോയ സമയത്താണ് ക്രൂര കൊലപാതകം നടന്നത്. രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടന്ന ജൂബിയെ കുട്ടികളാണ് ആദ്യം കണ്ടത്. തുടർന്ന് കുട്ടികൾ വിവരം അയൽവാസികളെ അറിയിക്കുകയായിരുന്നു.

മകളുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവ് ആണെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. കൊലപാതകം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കേസിലെ പരാതിക്കാരിയാണ് ജൂബി.

Tags