ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ തട്ടി ; കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്ത് സ്ത്രീകള്‍

കോട്ടയം:കോടിമത നാലുവരിപാതയില്‍ കാറിലെത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇവരുടെ കാറിന്റെ കണ്ണാടിയില്‍ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബസിന്റെ ലൈറ്റ് തകര്‍ത്തത്. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമണമുണ്ടായത്. അക്രമം നടത്തിയ ശേഷം സ്ത്രീകള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.
കാറിലെത്തിയ സ്ത്രീകള്‍ ബസ്സിന് വലം വെച്ച് ബസ്സ് ജീവനക്കാരോട് തട്ടികയറുകയും പിന്നീട് കാറില്‍ നിന്നും ലിവറെടുത്ത് ബസ്സിന്റെ നാല്‍ ഹെഡ്ലൈറ്റുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണിത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിന്റെ ആര്‍.സി ഓണറെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തേക്കും.