കൊട്ടാരക്കര അപകടം; ടിപ്പറിന് ഫിറ്റ്നസ് നൽകിയ രണ്ട് MVD ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

accident

വാഹനത്തിന് ഫിറ്റ്നസ് നൽകിയതിൽ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ ടിപ്പറിന് ഫിറ്റ്നസ് നൽകിയ രണ്ട് MVD ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു .മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശരത് എസ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വാഹനത്തിന് ഫിറ്റ്നസ് നൽകിയതിൽ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ അപകടത്തിൽ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ പരുക്കേറ്റു.

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ അടക്കം പറഞ്ഞിരുന്നു.വാഹനം പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ വേഗത കുറച്ചില്ല. എഫ്ഐആറിലും അതുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബോധപൂർവ്വം അലക്ഷ്യമായി വാഹനമോടിക്കൽ,അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പും ചുമത്തി കേസെടുത്തു. കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.

ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.അപകടത്തിൽപ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്.

 

Tags