കോതമംഗലം താലൂക്ക് ആശുപത്രിയിൽ 10 രൂപയുടെ പേരിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിപ്പിച്ച സംഭവം; ജീവനക്കാരിക്ക് സസ്പെൻഷൻ
കൊച്ചി : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പത്തു രൂപയുടെ പേരിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിപ്പിച്ച സംഭവത്തിൽ ആരോപണവിധേയയായ ജീവനക്കാരിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പുറത്തുവന്നതിന് പിന്നാലെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. പെരുമ്പാവൂർ സ്വദേശിയായ കരീമിനാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കരീമിന് പുലർച്ചെ ഒന്നേകാലോടെ യാത്രാമധ്യേ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയ കരീമിനോട് ഒപി ടിക്കറ്റിനായുള്ള 10 രൂപ പണമായി നൽകാൻ സാധിക്കാത്തതിനാൽ ടിക്കറ്റ് നൽകില്ലെന്ന് ജീവനക്കാരി നിലപാടെടുത്തു. ഗൂഗിൾ പേ സ്വീകരിക്കില്ലെന്നും പണം പുറത്തുപോയി മാറ്റി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട ജീവനക്കാരി, അടിയന്തരമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് പറയുകയും ചെയ്തു.
കൂടെയുള്ളയാൾ പണം മാറാൻ പുറത്തുപോയ സമയം കൊണ്ട് ടിക്കറ്റ് നൽകാൻ അഭ്യർത്ഥിച്ചെങ്കിലും ജീവനക്കാരി വഴങ്ങിയില്ല. തുടർന്ന് ജീവനക്കാരി തന്നെ പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും എത്തിയ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെടുകയായിരുന്നു. ഒടുവിൽ 45 മിനിറ്റിനു ശേഷം വിവരമറിഞ്ഞെത്തിയ ഡോക്ടർ രോഗിയെ പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം 280-ന് മുകളിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് രോഗിയെ ഉടനടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
എന്നാൽ, ജീവനക്കാരി മോശമായി പെരുമാറിയെങ്കിലും ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം, ആശുപത്രി രജിസ്റ്ററിൽ ചികിത്സ നൽകിയ സമയം പുലർച്ചെ രണ്ട് മണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ഒന്നേകാലിന് തന്നെ ആശുപത്രിയിൽ എത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർക്ക് ധൈര്യമുണ്ടെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും കരീം പറഞ്ഞു.
.jpg)


