വിവാഹത്തിനായി നാട്ടിലെത്തുന്ന മകളെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവവേ അപകടം ; കാറിടിച്ച് പിതാവ് മരിച്ചു
കൂത്താട്ടുകുളം: വിദേശത്തുനിന്നും വിവാഹത്തിനായി നാട്ടിലെത്തുന്ന മകളെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴി പിതാവ് കാറിടിച്ച് മരിച്ചു. മരങ്ങാട്ടുപള്ളി കുര്യനാട് മുളയോലിക്കൽ സ്വദേശി സണ്ണി ജോൺ (64) ആണ് മരിച്ചത്. ദേവമാത ആശുപത്രിക്ക് സമീപം ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്.
റിയാദിൽ നഴ്‌സായ മൂത്ത മകൾ ആന്റിയാ സണ്ണിയെ സ്വീകരിക്കാനാണ് കുടുംബം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ കൂത്താട്ടുകുളം ദേവമാത ആശുപത്രിക്ക് സമീപം വാഹനം നിർത്തി നടന്നുപോകവേയാണ് അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ സണ്ണി ജോണിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലിന് മുകളിലൂടെ താഴെയുള്ള ആശുപത്രി മുറ്റത്തേക്കാണ് സണ്ണി തെറിച്ചുവീണത്. ഉടൻ തന്നെ ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
.jpg)

