കൂടത്തായി കൂട്ടകൊലപാതകം : റോയിക്ക് കടബാധ്യതയെന്ന വാദത്തിലൂന്നി എതിർ വിസ്താരം

കോഴിക്കോട്: കൂടത്തായി റോയ് തോമസ് കൊലപാതകക്കേസിൽ രണ്ടാം സാക്ഷിയായ റോയുടെ സഹോദരൻ റോജോ തോമസിന്റെ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ തുടരുന്നു. ഒന്നാം പ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ. ആളൂരിന്റെയും രണ്ടാം പ്രതി എം.എസ്. മാത്യുവിനായി അഡ്വ. ഷഹീർ സിങ്ങിന്റെയും എതിർ വിസ്താരമാണ് വ്യാഴാഴ്ച പൂർത്തിയായത്.
എതിർ വിസ്താരത്തിന്റെയടിസ്ഥാനത്തിൽ സാക്ഷിയെ കൂടുതൽ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ അപേക്ഷിച്ചതിനെ തുടർന്ന് വിസ്താരം ശനിയാഴ്ച തുടരും. റോയ് തോമസിന്റെയും ഒന്നാം പ്രതി ജോളിയുടെയും മകനായ മൂന്നാം സാക്ഷി റെമോ റോയുടെ പ്രതിഭാഗം എതിർ വിസ്താരം ബുധനാഴ്ച നടത്താനും തീരുമാനമായി. റോമോയുടെ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
കുടുംബവഴക്കിനെ തുടർന്നാണ് ജോളിക്കെതിരെ മൊഴി നൽകുന്നതെന്ന വാദത്തിലൂന്നിയായിരുന്നു പ്രതിഭാഗം സാക്ഷിയെ എതിർ വിസ്താരം ചെയ്തത്. റോയ് തോമസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വാദത്തിന് ബലം നൽകാൻ റോയ്ക്ക് കടബാധ്യതകളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായും പ്രതിഭാഗത്ത് നിന്ന് ചോദ്യങ്ങളുയർന്നു.
ആത്മഹത്യ കേസായി അവസാനിപ്പിച്ച മരണത്തിൽ സ്വത്ത് തട്ടിയെടുക്കാനായി വീണ്ടും പരാതി നൽകുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. റോയ് പണം നൽകാനുണ്ടായിരുന്നവരുടെ പേരുകൾ പ്രതിഭാഗം സാക്ഷിക്ക് മുന്നിൽ നിരത്തി വിസ്താരം നടത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ഭക്ഷണം വയറിൽ കണ്ടതും വ്യാജരേഖ ഉപയോഗിച്ച് പൊന്നമറ്റത്തെ വീടും സ്ഥലവും പോക്കുവരവ് നടത്തിയതും സംശയമുളവാക്കിയെന്നും അതിനാലാണ് ആറു ദുരൂഹ മരണങ്ങളെപ്പറ്റിയും അന്വേഷിക്കണമെന്ന് താൻ പരാതി നൽകിയതെന്നും റോജോ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വിസ്താരത്തിൽ മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.