കൂടത്തായി കൂട്ടകൊലപാതകം : പരാതി വൈകിയത് ആത്മഹത്യയെന്ന് പ്രതി വിശ്വസിപ്പിച്ചതിനാലെന്ന് സാക്ഷി മൊഴി
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ റോയിയുടെ സഹോദരനായ രണ്ടാം സാക്ഷി റോജോ തോമസിന്റെ വിസ്താരം പൂർത്തിയായി. 2011ൽ നടന്ന മരണത്തെപ്പറ്റി 2019ൽ മാത്രം പരാതി കൊടുക്കാനുണ്ടായ സാഹചര്യത്തെ സംബന്ധിച്ച് റോജോ തോമസ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
tRootC1469263">റോയ് തോമസിന്റേത് ആത്മഹത്യയാണെന്ന് ജോളി തന്നെ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും എന്നാൽ, 2019ൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടപ്പോഴാണ് പൊരുത്തക്കേടുകൾ മനസ്സിലായതെന്നും കാലതാമസമില്ലാതെ ഉടൻ തന്നെ പരാതി ബോധിപ്പിച്ചുവെന്നും റോജോ മൊഴി നൽകി.
റോയ് തോമസിന് കടബാധ്യതകളില്ലായിരുന്നുവെന്നും ആത്മഹത്യ ചെയ്യേണ്ടുന്ന കാര്യമില്ലെന്നും കൊലപാതകം തന്നെയാണെന്നും റോജോ മൊഴി നൽകി. സ്വത്തുതർക്കമുണ്ടായതുകൊണ്ടല്ല, പിതാവിന്റെ സ്വത്തുക്കൾ അവകാശികൾക്ക് തുല്യമായി ഭാഗിച്ചുകിട്ടുന്നതിനു മാത്രമാണ് അന്യായം ബോധിപ്പിച്ചത്.
മൂന്നാം സാക്ഷിയും റോയി തോമസിന്റെയും ജോളിയുടെയും മകനുമായ റെമോ റോയിയുടെ എതിർ വിസ്താരം ബുധനാഴ്ച നടക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷും ഹാജരായി. കൂട്ടക്കൊലക്കേസിലെ സിലി വധക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
സിലി കേസിലുൾപ്പെട്ട സ്വർണാഭരണങ്ങൾ തനിക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് ജോളി ബോധിപ്പിച്ച ഹരജിയും സ്വർണാഭരണങ്ങൾ കൊല്ലപ്പെട്ട തന്റെ അമ്മയുടേതാണെന്ന് കാണിച്ച് അവ തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സിലിയുടെ മകൻ എയ്ബൽ അഡ്വ. ആർ. അജയ് മുഖേന ബോധിപ്പിച്ച ഹരജിയും പ്രോസിക്യൂഷന്റെ എതിർ ഹരജിക്കായി മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
.jpg)


