മാലിന്യം വലിച്ചെറിയരുത് ; ചെമ്മീനിലും പ്ലാസ്റ്റിക് കണികകൾ

prawns
prawns

ചെമ്മീന്‍ കഴിക്കുന്ന മനുഷ്യനോ മൃഗമോ ഉള്‍പ്പെടെ ഭക്ഷ്യശൃംഖലയിലെ എല്ലാ കണ്ണികളെയും ഇത് ബാധിക്കും

കൊല്ലം:  ചെമ്മീനില്‍ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പാകംചെയ്യുമ്പോള്‍ ചെമ്മീനിന്റെ അന്നനാളം നീക്കംചെയ്ത് കഴിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

ഫാത്തിമ മാതാ നാഷണല്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സര്‍ലീന്റേതാണ് പഠനം. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്‌കവര്‍ എണ്‍വയോണ്‍മെന്റിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കയറ്റുമതി ചെയ്യുന്ന നാരന്‍, ടൈഗര്‍, കഴന്തന്‍, കുഴിക്കാര ചെമ്മീനുകളുടെ ദഹന നാളത്തിലെ പ്ലാസ്റ്റിക് ധൂളീസാന്നിധ്യത്തെപ്പറ്റിയാണ് പഠനം നടത്തിയത്. 31.8 ശതമാനം നാരുകള്‍, 32.4 ശതമാനം പെല്ലറ്റ്, 33.38 ശതമാനം ഗോളം, 2.47 ശതമാനം ഫ്രാഗ്മെന്റ് തുടങ്ങി വിവിധ ആകൃതികളിലും കറുപ്പ്, നീല, ചുവപ്പ്, സുതാര്യമായത് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ളതുമായ ശരാശരി മൂന്നുതരികള്‍ ഓരോ ഇനം ചെമ്മീനിലും കണ്ടെത്തി.

ചെമ്മീന്‍ നല്ലപോലെ വൃത്തിയാക്കി അതിന്റെ അന്നനാളം നീക്കി പാകം ചെയ്യുന്നതിലൂടെ നമ്മുടെ ഉള്ളിലേക്ക് ചെമ്മീന്‍ വഴിയുള്ള പ്ലാസ്റ്റിക് ധൂളീപ്രവേശം തടയാമെന്ന് സര്‍ലീന്‍ പറയുന്നു. 

ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ വെയിലും മഴയുമേറ്റ് പൊടിഞ്ഞു കടലില്‍ ചേരുന്നുണ്ട്. വായു, മഴവെള്ളം, മലിനജലം, കടലിലും കരയിലും നഷ്ടപ്പെട്ടതും ഉപേക്ഷിക്കുന്നതുമായ മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ സ്രോതസ്സുകള്‍ കടലിലേക്ക് എത്തിച്ചേരുന്ന ഇത്തരം പ്ലാസ്റ്റിക് ധൂളികളുടെ ഉറവിടമാകുന്നു. 

ഈ തരികള്‍ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവികള്‍ തുടങ്ങിയവയെ ചെമ്മീന്‍ ആഹാരമാക്കുന്നു. ചെമ്മീന്‍ കഴിക്കുന്ന മനുഷ്യനോ മൃഗമോ ഉള്‍പ്പെടെ ഭക്ഷ്യശൃംഖലയിലെ എല്ലാ കണ്ണികളെയും ഇത് ബാധിക്കും.
 

Tags