കൊല്ലം ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം
ചടയമംഗലം : ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. മദ്യപിച്ചെത്തിയ രണ്ടാനച്ഛൻ 13കാരനെ ഉടുപ്പൂരി വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ചടയമംഗലം മുളയിക്കോണം സ്വദേശിനി ശാലിനിയുടെ മൂത്ത മകനാണ് മർദനമേറ്റത്. കുട്ടിയുടെ രണ്ടാനച്ഛൻ ഓയൂർ അടയറയിൽ രാജേഷിനെതിരെ ചടയമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് കുട്ടിയെ വിളിച്ചപ്പോൾ കേട്ടില്ലെന്ന് ആരോപിച്ചാണ് മർദനം തുടങ്ങിയത്. കുട്ടിയുടെ ഉടുപ്പഴിച്ചശേഷം, കയ്യിൽ കിട്ടിയ വട്ടക്കമ്പ് ഉപയോഗിച്ച് അതിക്രൂരമായി അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവ് ശാലിനിയെ ഇയാൾ പിടിച്ചുതള്ളി.
മർദന ദൃശ്യങ്ങൾ ശാലിനി മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകർ വിവരം ചടയമംഗലം പൊലീസിൽ അറിയിച്ചു. തുടർന്ന് രാത്രിതന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും പ്രതിയെ താക്കീത് ചെയ്ത് മടങ്ങിയെന്ന് മാതാവ് ആരോപിക്കുന്നു. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലെല്ലാം സമാനമായ രീതിയിൽ മർദനം പതിവാണെന്നും ശാലിനി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ് ഉൾപ്പെടെ നടപടികളുണ്ടായത്. ഉടൻ പ്രതിയെ പിടികൂടണമെന്ന് റൂറൽ എസ്.പിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മന്ത്രി ബിന്ദു കൃഷ്ണയും നിർദേശം നൽകി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും രണ്ടാനച്ഛന്റെ ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാൻ റൂറൽ എസ്.പിക്കും വനിതാ ശിശു വികസന വകുപ്പ് ജില്ല ഓഫിസർക്കും മന്ത്രി നിർദേശം നൽകി. കുട്ടിക്ക് അടിയന്തര കൗൺസലിങ് ഉൾപ്പെടെ മാനസിക പിന്തുണ ഉറപ്പാക്കാനും നിർദേശിച്ചു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. റൂറൽ എസ്.പി, ചടയമംഗലം എസ്.എച്ച്.ഒ, ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് വിശദീകരണം തേടി. ശാലിനിയും രണ്ടാം ഭർത്താവ് രാജേഷും 13 വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്.
.jpg)

