കോടിയേരിയുടെ ഫ്ളക്സ് കീറിയത് ഗുരുതര വീഴ്ചയെന്ന് സിപിഐഎം ; സംഘടനയുമായി ബന്ധമില്ലാത്തയാളെന്ന് എസ്എഫ്‌ഐ

sfi

ഫ്ളക്സ് കീറിയ ആള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്ഐ ജില്ലാ നേതൃത്വം.

കൊല്ലത്ത് എസ്എഫ്ഐ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഫ്ളക്സ് പ്രവര്‍ത്തകന്‍ വലിച്ചുകീറിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഗുരുതര വീഴ്ചയാണ് സംഘടനയ്ക്ക് ഉണ്ടായതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനാണ് തീരുമാനം. സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം ഫ്ളക്സ് കീറിയ ആള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്ഐ ജില്ലാ നേതൃത്വം. ഇയാള്‍ എസ്എഫ്ഐയിലോ ഡിവൈഎഫ്ഐയിലോ പ്രാഥമിക അംഗത്വം ഇല്ലാത്തയാളാണെന്നും എസ്എഫ്ഐ വ്യക്തമാക്കി. ഇതില്‍ നിയമവഴി തേടുന്ന കാര്യം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്ളക്സ് തകര്‍ത്തത്. മാര്‍ച്ച് ചെയ്തുവരുന്ന പ്രവര്‍ത്തകന്‍ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് ഫ്ളക്സ് വലിച്ചുകീറുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് എസ്എന്‍ കോളേജ് ജംഗ്ഷനില്‍ നിന്നാണ് എസ്എഫ്ഐ പ്രകടനം ആരംഭിച്ചത്.

Tags