അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനം വരെ പോരാടിയ സഖാവാണ് കോടിയേരി: എം വി ഗോവിന്ദന്‍

mv govindan

കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്

ജനഹൃദയങ്ങളില്‍ എക്കാലവും നിലനില്‍ക്കുന്ന പേരാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിര്‍ഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു. ഭരണതലത്തില്‍ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകള്‍ക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവാണ് കോടിയേരി.

ചെറുപ്പംമുതല്‍ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഞങ്ങളിരുവരും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി വന്ന ഘട്ടംമുതല്‍ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ (കെഎസൈ്വഎഫ്) രൂപീകരണ വേളയില്‍ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാര്‍ഥി രംഗത്തായിരുന്നു കോടിയേരിയുടെ പ്രവര്‍ത്തനം. ഞാന്‍ യുവജനരംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം അവസാനംവരെ ഒരു പോറല്‍പോലുമേല്‍ക്കാതെ നിലനിന്നു. സംഘാടകന്‍ എന്ന നിലയില്‍ അന്നുമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധ ഘട്ടത്തിലും പാര്‍ടിയെ മുന്നോട്ടു നയിച്ച നേതാവ്. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നേറാന്‍ സ. കോടിയേരിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്ത് പകരും. ആ അമരസ്മരണകള്‍ക്കു മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

Tags