കൊച്ചിയിൽ എട്ടു വയസ്സുകാരനുനേരെ വളർത്തുനായുടെ ആക്രമണം

കൊച്ചി: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുകാരനെ സമീപവീട്ടിലെ വളർത്തുനായ് ആക്രമിച്ചു.ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ട് കൊച്ചി വെളിമന്ദിരം പള്ളിക്ക് പിന്നിൽ താമസിക്കുന്ന ഫ്രാൻസിസ് റയാന്റെ മകൻ എട്ടുവയസ്സുള്ള ആൽട്ടൺ റോബർട്ടിനാണ് വലതു തോളിലും കൈക്കും കടിയേറ്റത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീടുകളിൽ വളർത്തുന്നതിന് നിരോധിക്കപ്പെട്ട ആക്രമണ സ്വഭാവമുള്ള പിറ്റ് ബുൾ ഇനത്തിൽപെട്ട നായാണ് ആൽട്ടണിനെ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു.
സർജറി അടക്കമുള്ള ശുശ്രൂഷയിലാണ് കുട്ടിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഫോർട്ട്കൊച്ചി വെളിയിൽ വീട്ടുനമ്പർ 27/240 താമസിക്കുന്ന ശാലിനിയുടെ മകൻ രോഹിത് വളർത്തുന്ന നായാണ് കടിച്ചത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു.