കൊച്ചി സർവകലാശാല കലോത്സവത്തിലെ സംഘർഷം : എട്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കളമശ്ശേരി: കൊച്ചി സർവകലാശാല കലോത്സവ സമാപന ചടങ്ങിനിടെ ഇരു വിഭാഗം വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എട്ട് പേർക്ക് സസ്പെൻഷൻ.ബിടെക് നാലാം വർഷ വിദ്യാർഥികളായ ജാസിർ മുഹമ്മദ്, അഥുൽ സുനിൽ, നിഥിൻ ശ്രീനിവാസൻ, മുഹമ്മദ് അർഷാഖ്, മൂന്നാം വർഷ വിദ്യാർഥികളായ പി. സോണിക്, പി. സരൺക്, മുഹമ്മദ് ഇജാസ്, ഇൻഫർമേഷൻ ടെക്നോളജിയിലെ അമൻ രോഷൻ എന്നിവർക്കെതിരെയാണ് സർവകലാശാല നടപടി സ്വീകരിച്ചത്.
മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ സമാപന സമയത്ത് നടന്ന ഡി.ജെ ഡാൻസിനിടെ നടന്ന ഉന്തുംതള്ളുമാണ് സംഘർഷത്തിൽ കലാശിച്ചത്. 14 പേർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്നുള്ള പരാതിയിൽ കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല നടപടി. സംഭവത്തിൽ സർവകലാശാല പ്രഫ.ഡോ.ബി.എസ്. ഗിരീഷ് കുമാരൻ തമ്പി കൺവീനറായി, അസി.പ്രഫ.ഡോ. അനീഷ് വി.പിള്ളെ, ഹോസ്റ്റൽ ചീഫ് വാർഡൻ അടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്.