കൊച്ചി മെട്രോ ഇനി 'കേരളം മെട്രോ; പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ

Kochi Metro to be renamed 'Kerala Metro'; Recommendation to state government

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.കൊച്ചി നഗരത്തിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ നിലവിൽ പ്രവർത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാകും.

ഇതിനുപുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് കെഎംആർഎൽ ആണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ പദ്ധതികളുടെ നിർമ്മാണ-മേൽനോട്ട ചുമതലയും നിലവിൽ കെഎംആർഎല്ലിനാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, കൊച്ചി എന്ന നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് 'കേരളം മെട്രോ റെയിൽ' എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്ന് ലോക്നാഥ് ബഹ്റ വ്യക്തമാക്കി.

Tags