കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ 14.88 ലക്ഷത്തിന്റെ വർധന

Problem solved; Kochi Metro service resumed after disruption

 കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. 2024-ൽ 3.49 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണം 2025-ൽ 3.64 കോടിയായി ഉയർന്നു. ഒരു വർഷത്തിനിടെ 14,88,019 പുതിയ യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 1.16 കോടിയിലധികം പേർ ഇതിനോടകം യാത്ര ചെയ്തുകഴിഞ്ഞു. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ഫീഡർ ബസുകളും വാട്ടർ മെട്രോയും മെട്രോ യാത്ര കൂടുതൽ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായാണ് വിലയിരുത്തൽ.

പുതുവത്സരാഘോഷവും കൊച്ചി ബിനാലെയും യാത്രക്കാരുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതായി കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബർ 31-ന് മാത്രം 1.39 ലക്ഷം പേർ മെട്രോ ഉപയോഗിച്ചു. അന്നേദിവസം 44.67 ലക്ഷം രൂപയുടെ റെക്കോർഡ് വരുമാനമാണ് മെട്രോയ്ക്ക് ലഭിച്ചത്. 2017-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ 17.52 കോടിയിലധികം ആളുകൾ കൊച്ചി മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മെട്രോ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ സംയോജനം കൊച്ചിയിലെ യാത്രാക്ലേശം കുറയ്ക്കുന്നതിൽ വലിയ വിജയമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Tags