ജനങ്ങളെ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യം, സർക്കാരിനെ നയിക്കുന്നത് ധിക്കാരവും മാടമ്പി സ്വഭാവവുമാണ് ; സി.പി. ജോണിനെതിരെ കെ.എൻ. ബാലഗോപാൽ രംഗത്ത്
തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ജനങ്ങളെ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും സർക്കാരിനെ നയിക്കുന്നത് ധിക്കാരവും മാടമ്പി സ്വഭാവവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിലപാടുകളെ അനുകരിക്കാനാണ് മറ്റ് മന്ത്രിമാർ ശ്രമിക്കുന്നതെന്നും ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെപ്പോലും അപമാനിക്കുന്ന രീതിയിലാണ് സർക്കാരിന്റെ പോക്കെന്നും അദ്ദേഹം ആരോപിച്ചു.
ബസിന് കാശില്ലാത്ത സ്ത്രീകൾ ഫീസ് കൊടുത്തു പഠിക്കുന്ന പ്രൈവറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നുവെന്നും, സർക്കാരിന്റെ യാത്രാ സൗജന്യങ്ങൾക്കായി തിക്കിത്തിരക്കുന്നുവെന്നുമുള്ള സി.പി. ജോണിന്റെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞിരുന്നു. ഈ നിലപാടുകൾ ജനങ്ങളുടെ ദുരിതത്തെ കളിയാക്കുന്നതാണെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സി.പി. ജോൺ രംഗത്തെത്തി. കേരളത്തിലെ തൊഴിലാളികളുടെയും കുടുംബിനികളുടെയും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ താൻ അടക്കമുള്ള രാഷ്ട്രീയക്കാർ പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് താൻ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സ്ത്രീകൾ പൊതുഗതാഗതത്തിൽ നേരിടുന്ന യാതനകൾ മനസ്സിലാക്കിയത് രാഹുൽ ഗാന്ധി മാത്രമാണെന്നും, ദാരിദ്ര്യം മറികടക്കാൻ നല്ല വിദ്യാഭ്യാസം വേണമെന്ന ആഗ്രഹത്താലാണ് ആളുകൾ സ്വകാര്യ സ്കൂളുകളെ ആശ്രയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
.jpg)

