‘ഷാജി സുഹൃത്തിന്റെ റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭമാണ്, വിമർശിക്കാൻ വേറൊന്നും ഇല്ലാത്തതിനാലാണ് ഈ പെറ്റി ഡിസ്പ്യൂട്ട്’ : സണ്ണി ജോസഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph

 കണ്ണൂർ: സർക്കാരിനെയും മന്ത്രി കെ.എം. ഷാജിയെയും വകുപ്പിനെയും വിമർശിക്കാൻ വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് അദ്ദേഹം റേഞ്ച് റോവറിൽ പോയത് ചർച്ചയാക്കുന്നതെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. വിമർശിക്കാൻ കാര്യമായിട്ട് ഒന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം പെറ്റി വിഷയങ്ങൾ ചർച്ചയാക്കുന്നത്.

‘ഷാജി സുഹൃത്തിന്റെ റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭമാണ്. സർക്കാരിന്റെ പണമാണ് ഷാജി ഇപ്പോൾ ലാഭിച്ചത്. സ്റ്റേറ്റ് കാറിൽ പോകുമ്പോൾ അതിന് ഡീസൽ അടിക്കണം, അതിന്റെ റിപ്പയർ വേണം, ടയർ മാറ്റണം, ഡ്രൈവർക്ക് പൈസ കൊടുക്കണം... ഷാജി ഒരു അർഥത്തിൽ സർക്കാറിന്റെ പൈസ ലാഭിക്കുകയാണ് ചെയ്തത്’ -സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിയാകുന്നതിന് മുൻപും കെ.എം. ഷാജി വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും പ്രയോജനപ്രദമായ യാത്രകൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കുറച്ചു കൂടുതൽ ദൂരം യാത്ര ചെയ്യണമെങ്കിൽ നല്ല വാഹനം ഉപയോഗിക്കണം. മലയാളികൾ സംഘടിപ്പിച്ച രണ്ട് ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഞാൻ ബംഗളൂരു സന്ദർശിച്ചിരുന്നു. യാത്രക്കിടെ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ.ജെ. ജോർജുമായി കൂടിക്കാഴ്ച നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ആളുകളുമായി ബന്ധപ്പെടുന്നതിനും അനുഭവങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം യാത്രകൾ അത്യാവശ്യമാണ്.

യാത്രയ്ക്കിടെ വിരാജ്പേട്ട റോഡിന്റെ മോശം അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാക്കൂട്ടം ചുരത്തിൽ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെടേണ്ടി വന്നു. റോഡ് വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാൻ സമയം ചോദിച്ചിരുന്നെങ്കിലും വൈകിയ വേളയായതിനാൽ കൂടിക്കാഴ്ച നടത്താൻ സാധിച്ചില്ല’ -സണ്ണി ജോസഫ് പറഞ്ഞു. 

Tags