അരിയിൽ ഷുക്കൂർ കേസ് ; ലീഗ് നേതൃത്വം പച്ചക്കള്ളം പറയുന്നു : കെ കെ വിനോദ്കുമാർ
കണ്ണൂർ: അരിയിൽ ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് സാക്ഷികളായ സാബിറിനും അബുവിനും നിലവിൽ ലീഗുമായി ബന്ധമില്ല എന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പത്രസമ്മേളനത്തിൽ പറഞ്ഞത് ശുദ്ധ അസംബന്ധവും ഷുക്കൂറിന്റെ കുടുംബത്തോടും ലീഗ് അണികളോടും കാണിച്ച കൊടിയ വഞ്ചനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ പ്രസ്താവിച്ചു.
അവർ നേരത്തെ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായിരുന്നു. എന്നിട്ടും സ്വന്തം അണികളോട് കൊടും ചതിയാണ് ലീഗ് നേതാക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരാൾ ജോലി ചെയ്യുന്നത് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലാണ്. മറ്റൊരാൾ സാക്ഷി പറയാൻ ഗൾഫിൽ നിന്ന് ലീവിന് വന്നിട്ട് ഒരു ദിവസം കൊണ്ട് തിരിച്ചു പോയതും അങ്ങാടി പാട്ടാണ്.
സംഭവത്തിലെ രണ്ടാംപ്രതി കത്തിയെടുത്ത് കുത്തുന്നത് നേരിട്ട് കണ്ട സക്കറിയ സാക്ഷി വിസ്താരത്തിന് കോടതിയിൽ ഹാജരായില്ല. കോടതിയിലെത്തി തെളിവ് നൽകാതിരിക്കാൻ ഈ മൂന്നു പേരെയും ലീഗ് നേതൃത്വം പിന്തിരിപ്പിക്കുകയായിരുന്നു.
സിപിഎം നേതാക്കളെയും നേതാവിന്റെ മക്കളെയും സംരക്ഷിക്കാൻ മുസ്ലിം ലീഗിന്റെ സംസ്ഥാന- ജില്ലാ നേതൃത്വം സിപിഎം നേതൃത്വവുമായി ചർച്ചചെയ്ത് തീരുമാനിച്ചതാണ്. ഐസ്ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചതിന് സിപിഎം നേതാക്കൾക്കുള്ള പ്രത്യുപകാരമാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ അകപ്പെട്ട നേതാക്കളെ രക്ഷിക്കാൻ കാരണം.
കള്ളത്തരവും വഞ്ചനയും മറച്ചുവെക്കാൻ ലീഗ് നേതൃത്വം പച്ചക്കള്ളം പറയുകയാണ്. ഇനിയെങ്കിലും ഈ കള്ളത്തരം പറച്ചിൽ നിർത്തണം. സിപിഎം- ലീഗ് രഹസ്യ ബാന്ധവമാണെന്ന് ജനങ്ങളോട് തുറന്നുപറയാനുള്ള ആർജ്ജവമാണ് മുസ്ലിം ലീഗ് നേതൃത്വം കാണിക്കേണ്ടത്. വിധി ന്യായത്തിൽ തന്നെ ഇവർ രണ്ടുപേരും സാക്ഷി പറയാൻ എത്താത്തത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവർ എത്തിയിരുന്നെങ്കിൽ വിധി മറ്റൊന്ന് ആകുമായിരുന്നു. എന്നിട്ട് സിബിഐ ക്കെതിരായി പറയുകയാണ്. കള്ളന്മാർ കപ്പലിൽ തന്നെയാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും കെ കെ വിനോദ്കുമാർ പറഞ്ഞു.
.jpg)

