വീണ്ടും തഴഞ്ഞു... ? നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജയെ പരിഗണിച്ചേക്കില്ല ; തളിപ്പറമ്പിൽ പി.കെ. ശ്യാമള മത്സരിച്ചേക്കും
സിപിഎമ്മിന്റെ കരട് സ്ഥാനാർഥിപട്ടികയിൽ മന്ത്രിമാരായ വനിതകൾ ഒഴികെയുള്ള മിക്ക വനിതാ എംഎൽഎമാർക്കും സീറ്റില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ സിപിഎമ്മിൽ നിന്നും വിജയിച്ചുകയറിയ കെ.കെ ശൈലജയെ ഇത്തവണ എവിടെയും പരിഗണിക്കാനിടയില്ലെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി ആയതോടെ മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്ന എം.വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ എൻ. സുകന്യ, എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
കണ്ണൂർ : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. സിപിഎമ്മിന്റെ കരട് സ്ഥാനാർഥിപട്ടികയിൽ മന്ത്രിമാരായ വനിതകൾ ഒഴികെയുള്ള മിക്ക വനിതാ എംഎൽഎമാർക്കും സീറ്റില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ സിപിഎമ്മിൽ നിന്നും വിജയിച്ചുകയറിയ കെ.കെ ശൈലജയെ ഇത്തവണ എവിടെയും പരിഗണിക്കാനിടയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മത്സരിക്കാനുള്ളവരുടെ പേരുകൾ പരിഗണിച്ചത്.
tRootC1469263">
കെ.കെ ശൈലജയ്ക്ക് പകരം മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പേരാണ് പരിഗണിച്ചത്. നേരത്തെ പേരാവൂരടക്കം കെ.കെ ശൈലജയുടെ പേര് ഉയർന്ന് കേട്ടിരുന്നുവെങ്കിലും ഇവിടെ കഴിഞ്ഞ തവണ മത്സരിച്ച സക്കീർ ഹുസൈനിന്റെ പേര് തന്നെയാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്.
അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ ഇന്നലെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്. അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം.
വിവാദങ്ങളും വിഭാഗീയതയുമാണ് പ്രതിഭയ്ക്കു സീറ്റ് നിഷേധിക്കാൻ കാരണം. പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പ്രതിഭയ്ക്കു സീറ്റ് നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കാലം മുതലുണ്ടായ വിവാദങ്ങളും പ്രതിഭയെ പാർട്ടിക്ക് അനഭിമതയാക്കി. മുൻ എംപി സി.എസ്. സുജാത, യുവനേതാവ് ശിവപ്രസാദ് എന്നിവർ പട്ടികയിലുണ്ട്.
എംഎൽഎ ആയി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചെങ്കിലും തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ദെലീമയുടെ സീറ്റ് നഷ്ടപ്പെടാൻ കാരണം. ഇടതു പക്ഷത്തിനു അടിത്തറയുള്ള മണ്ഡലത്തിൽ തോമസ് ഐസക്ക് തന്നെയാകും സ്ഥാനാർഥി എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരുവനന്തപുരത്തും തോമസ് ഐസക്കിന്റെ പേർ പരിഗണനയിലുണ്ട്. സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി.കെ. ബിജുവിന് മത്സരിക്കുന്നതിനാണ് ആറ്റിങ്ങൽ എംഎൽഎ ആയ ഒ.എസ്. അംബികയെ മാറ്റാൻ ആലോചന. ജില്ലാ നേതൃത്വം നൽകിയ പേരുകളിൽ അംബിക ഉണ്ടെങ്കിലും ബിജു എത്തുമ്പോൾ അത് മാറാനാണ് സാധ്യത.
അതെ സമയം, രക്തസാക്ഷി ഫണ്ട് വിവാദത്തിനിടയിലും പയ്യന്നൂരിൽ വീണ്ടും ടി.ഐ മധുസൂദനനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. തലശേരിയിൽ സ്പീക്കർ എ.എൻ ഷംസീറിന് പകരം കാരായി രാജനും എം.വി ജയരാജനുമാണ് പരിഗണനയിലുള്ളത്.
ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ തന്നെ മത്സരിക്കും. സംസ്ഥാന സെക്രട്ടറി ആയതോടെ മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്ന എം.വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ എൻ. സുകന്യ, എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
.jpg)


