കെ കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പടക്കം പൊട്ടിച്ച് പരിക്ക് ; ബോംബെന്ന് പ്രചാരണം

K K Rama's former personal staff member injured in firecracker explosion; propaganda claims it was a bomb

കോഴിക്കോട്:കെ കെ രമ എംഎല്‍എയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ആര്‍ റിജുവിന് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിവാദം. ബോംബ് നിര്‍മാണത്തിനിടെ റിജുവിന്റെ കൈപ്പത്തി അറ്റുവെന്ന് ഒരുവിഭാഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.  

ചൊവ്വാഴ്ച വൈകീട്ടാണ് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ കുടുംബാംഗങ്ങളുമൊന്നിച്ച് വിഷു ആഘോഷിക്കുമ്പോള്‍ റിജുവിന് അപകടം സംഭവിച്ചത്. വലതുകൈയിലെ വിരലിലാണ് പരിക്ക്. തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ചയാണ് റിജുവിന് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ തുടങ്ങിയത്. ഇതോടെ ഇതിനെതിരേ ആര്‍എംപിഐ രംഗത്തെത്തി.

ആര്‍എംപിഐയെയും രമയെയും അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായിനടന്ന പ്രചാരണമാണിതെന്ന് ആര്‍എംപിഐ ജില്ലാകമ്മിറ്റി ആരോപിച്ചു. സിപിഎം വടകരയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ കുപ്രചാരണങ്ങളുടെ തുടര്‍ച്ചയാണിത്. നാട്ടില്‍ കലാപത്തിന് ആഹ്വാനംചെയ്യുന്ന രൂപത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

Tags