നടക്കാനുള്ള അവകാശം മൗലികാവകാശം ആണ്, അതിനാൽ നടപ്പാതകളിൽ കിയോസ്‌ക് സ്ഥാപിക്കാനാവില്ല ; ഹൈക്കോടതി

Engineering Entrance; High Court upholds government's normalization method

 കൊച്ചി: നടക്കാനുള്ള അവകാശം മൗലികാവകാശം ആണെന്നും അതിനാൽ നടപ്പാതകളിൽ കിയോസ്‌ക് സ്ഥാപിക്കാനാവില്ലെന്നും ഹൈക്കോടതി. നഗരത്തിൽ ഗോശ്രീ-ചാത്യാത്ത് റോഡിൽ ക്വീൻസ് വോക് വേയിൽ വാണിജ്യ കിയോസ്‌കുകൾ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്ഇക്കാര്യം വ്യക്തമാക്കിയത്.

അപ്പാർട്‌മെന്റ് സമുച്ചയത്തിന്റെ മുന്നിലെ നടപ്പാതയിൽ വാണിജ്യ കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനെതിരെ ത്രിത്വം അപ്പാർട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. നടക്കാനുള്ള അവകാശം മൗലികാവകാശം ആണെന്നും സുഗമമായി നടക്കാനുള്ള സ്ഥലം വേണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

കാൽനടക്കാർക്കുള്ള സ്ഥലം കയ്യേറാനാവില്ല. വോക്‌വേ മാത്രമല്ല, കാൽനടക്കാർക്കുള്ള അടിസ്ഥാന സൗകര്യമായ ഫുട്പാത്ത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം കോർപറേഷനുണ്ട്. കിയോസ്‌കുകൾ സ്ഥാപിച്ചാൽ കാൽനടക്കാരുടെ സ്ഥലമാണ് കയ്യേറാനുള്ളത്. കാൽനടക്കാരും സൈക്കിൾ ചവിട്ടുന്നവരും അടയാളപ്പെടുത്തിയ സ്ഥലത്തു നിന്ന് മാറിപ്പോകേണ്ടിവരും. ഇത് അപകടത്തിന് വഴിയൊരുക്കും. ആദ്യഘട്ടത്തിൽ കിയോസ്‌ക് നിർമിക്കുന്നതിനെക്കുറിച്ച് ജിഡ ആലോചിച്ചിരുന്നെങ്കിൽ അതിനായി സ്ഥലം മാറ്റിവെച്ചേനെ. കിയോസ്‌കുകൾ അതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ നിർമിക്കാനാവൂ. 20 കിയോസ്‌ക്കുകൾ സ്ഥാപിക്കാനായിരുന്നു ജിഡയുടെ നീക്കം. കഴിഞ്ഞ വർഷം വരെ ഇവിടെ കിയോസ്‌കുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ എതിർപ്പ് ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ലെന്നുമുള്ള ജിഡയുടെ വാദം കോടതി കണക്കിലെടുത്തില്ല.

ഏറ്റവും സ്വാതന്ത്ര്യവും ആരോഗ്യപരവും പ്രയോജനകരവുമായ യാത്രാമാർഗമാണ് നടത്തം എന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ ഏറ്റവും നല്ല മരുന്ന് നടത്തമാണെന്നും വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പുരോഗതിക്കും വാണിജ്യ നേട്ടത്തിനുമായി നടത്തത്തെ കൈവിടുകയാണ്. ദീർഘവീക്ഷണത്തോടെ കാൽനടക്കാർക്ക് വേണ്ടി രൂപകൽപ്പന ചെയ്ത സ്ഥലങ്ങൾപോലും വാണിജ്യ താൽപ്പര്യങ്ങൾ വിഴുങ്ങുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

Tags