സംസ്ഥാനത്തിന്റെ ധനകാര്യ നിയന്ത്രണത്തിൽ കിഫ്ബി ഇടപെടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു ; വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകാര്യ നിയന്ത്രണത്തിൽ കിഫ്ബി ഇടപെടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ധനവകുപ്പിനെ നോക്കുകുത്തിയാക്കി കിഫ്ബി പ്രവർത്തിച്ചെന്നും സംസ്ഥാനത്തിന് വലിയ കടബാധ്യത വരുത്തിവെച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കിഫ്ബിയെക്കുറിച്ചുള്ള വിദഗ്ധ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും 25,932 കോടി രൂപയുടെ കടമെടുപ്പ് പരിധി കുറയാൻ കിഫ്ബി കാരണമായെന്നും സതീശൻ പറഞ്ഞു.
കിഫ്ബിയുടെ വരുമാനത്തിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും 203.72 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചെന്നും സതീശൻ ആരോപിച്ചു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തിയാണ് കിഫ്ബി നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാരിന്റെ അനുമതിയില്ലാതെ 498 ജീവനക്കാരെ കിഫ്ബി നിയമിച്ചെന്നും 40 തസ്തികകൾക്ക് മാത്രമാണ് സർക്കാർ അംഗീകാരം നൽകിയതെന്നും സതീശൻ വ്യക്തമാക്കി. സർക്കാരിന് കടബാധ്യത സൃഷ്ടിച്ച സ്ഥാപനമായി കിഫ്ബി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
കിഫ്ബിയെക്കുറിച്ചുള്ള വിദഗ്ധ റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സതീശൻ അറിയിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബിയുടെ പ്രവർത്തനരീതിയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലുണ്ടായ പ്രത്യാഘാതങ്ങളും സംബന്ധിച്ച ആരോപണങ്ങൾ ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.
.jpg)


