തട്ടിക്കൊണ്ട് പോകൽ പരാതിയിൽ വൻ ട്വിസ്റ്റ് ; കൊല്ലത്ത് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കള്ളനോട്ട് നിർമാണ കേന്ദ്രം, അച്ചടിക്കാനിരുന്നത് 2.5 കോടിയോളം രൂപ ; 50,000 കൊടുത്താൽ 2 ലക്ഷം രൂപയുടെ വ്യാജൻ
50,000 രൂപയുടെ യഥാർഥ നോട്ട് നൽകുമ്പോൾ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത, വശങ്ങളിൽമാത്രം പ്രിന്റ് ചെയ്ത പേപ്പർകെട്ടുകൾ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ചതാണോയെന്നും അല്ലെങ്കിൽ ഇടപാടിനെത്തുന്ന തട്ടിപ്പുസംഘത്തെ കബളിപ്പിക്കാൻ നോട്ടുകളുടെ മാതൃകയിൽ വശങ്ങളിൽമാത്രം പ്രിന്റ് ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്.
കൊല്ലം : കൊല്ലത്ത് യുവാവിനെ തട്ടിക്കോണ്ടു പോയെന്ന കേസിൽ വൻ ട്വിസ്റ്റ്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. രണ്ടരക്കോടി രൂപയുടെ നിർമ്മാണ സാമഗ്രികളും സ്വർണവുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. വാടി കല്ലേലിവയൽ പുരയിടം സ്വദേശി സിബിയോണിന്റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഇക്കഴിഞ്ഞ 16ാം തീയതിയാണ് സിബിയോണിനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നത്. പിറ്റേന്ന് താൻ തിരികെ എത്തിയെന്ന് സിബിയോൺ പൊലീസിനെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ചാണ് താൻ രക്ഷപ്പെട്ടതെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
സിബിയോണിന്റെ തിരോധാനത്തിന് പിന്നിൽ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന വ്യക്തികളെ പൊലീസ് പിടികൂടുകയും പലരേയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത സംശയിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടിലെ കള്ളനോട്ട് കേന്ദ്രം കണ്ടെത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടനുസരിച്ച് ഇയാൾ പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. അച്ചടിക്കുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 46 പവൻ സ്വർണാഭരണങ്ങളും, 5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ സ്വർണ്ണ വാച്ച് ഉൾപ്പെടെയുണ്ട്. പൊലീസ് സിബിയോണിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാളുടെ പിന്നിൽ വലിയ സംഘമുണ്ടോ എന്ന സംശയിത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഉന്നതർക്ക് സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മണിക്കൂറുകൾ നീണ്ട പരിശോധനയാണ് ഇയാളുടെ വീട്ടിൽ നടന്നത്. 500 ന്റെ നോട്ടിന്റെ കളർ പ്രിന്റ് ചെയ്ത 520 കെട്ടുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രിന്റ് ചെയ്തിരുന്നെങ്കിൽ 2.5 കോടിയുടെ നോട്ട് വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോകൽ അടക്കം ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട നാടകമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത അഞ്ച് ലക്ഷം രൂപ കള്ളനോട്ടാണോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കൊല്ലത്തെ തീരപ്രദേശ മേഖലയായ വാടിയിൽ വലിയ തിരക്ക് അനുഭവപ്പെടുത്ത സ്ഥലത്തായിരുന്നു ഇയാൾ കള്ളനോട്ട് നിർമാണ കേന്ദ്രം നടത്തിയിരുന്നതെന്നാണ് ഏറ്റവും പ്രധാനം.
സിബിയോൺ നോട്ട് ഇരട്ടിപ്പിക്കൽ സംഘത്തിലെ കണ്ണിയാണെന്നു സംശയമുള്ളതായി പരിശോധനയ്ക്ക് നേതൃത്വം നൽകിയ പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭ ജി.നായർ പറഞ്ഞു. 50,000 രൂപയുടെ യഥാർഥ നോട്ട് നൽകുമ്പോൾ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്നാണ് നിഗമനം. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത, വശങ്ങളിൽമാത്രം പ്രിന്റ് ചെയ്ത പേപ്പർകെട്ടുകൾ കള്ളനോട്ട് അച്ചടിക്കാനായി മുറിച്ചതാണോയെന്നും അല്ലെങ്കിൽ ഇടപാടിനെത്തുന്ന തട്ടിപ്പുസംഘത്തെ കബളിപ്പിക്കാൻ നോട്ടുകളുടെ മാതൃകയിൽ വശങ്ങളിൽമാത്രം പ്രിന്റ് ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. വശങ്ങളിൽമാത്രം പ്രിന്റുചെയ്ത കെട്ടുകൾക്കു മുകളിൽ 500 രൂപയുടെ നോട്ടുെവച്ചാൽ താഴെയുള്ളതും സമാനമായ നോട്ടുകളാണെന്നു തോന്നും.
കുടുക്കിയത് തട്ടിക്കൊണ്ടുപോകൽ പരാതി
സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി ദിവസങ്ങൾക്കുമുൻപ് ഭാര്യ നൽകിയ പരാതിയാണ് കള്ളനോട്ട് അച്ചടി കണ്ടെത്തുന്നതിന് വഴിയൊരുക്കിയത്. 17-നാണ് സ്കൂട്ടറിലെത്തിയ സംഘം സിബിയോണിനെ തട്ടിക്കൊണ്ടുപോയതായി ഇയാളുടെ ഭാര്യ പള്ളിത്തോട്ടം പോലീസിൽ പരാതി നൽകുന്നത്. അന്വേഷണം നടക്കുന്നതിനിടെ സിബിയോൺ സ്റ്റേഷനിൽ ഹാജരായി. തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടതാണെന്നും തന്റെ സ്കൂട്ടറും സ്വർണമോതിരവും അവർ കൈക്കലാക്കിയതായും ഇയാൾ പോലീസിനോട് പറഞ്ഞു.
അടുത്തദിവസം സിബിയോണിന്റെ സ്കൂട്ടർ കൊല്ലം ക്യു.എ.സി.റോഡിൽനിന്ന് പോലീസ് കണ്ടെടുത്തു. നഷ്ടമായെന്നാരോപിച്ച മോതിരവും സ്കൂട്ടറിലുണ്ടായിരുന്നു. ഇത് സംശയങ്ങൾക്കിടവെച്ചു. തുടർന്ന് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു സിബിയോൺ. അതിനിടെ വെള്ളിയാഴ്ച വൈകീട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ വീട്ടിൽ മിന്നൽപ്പരിശോധന നടത്തിയത്.
.jpg)


