കേരളത്തിലെ ചില സ്ഥലങ്ങളിൽ വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ആശങ്കാജനകം : ഐഎംഎയും കെജിഎംഒഎയും


തിരുവനന്തപുരം : കേരളം ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഐഎംഎ. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളായി ജീവൻ നഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കുന്നത് നോക്കി നിൽക്കാൻ പരിഷ്കൃത സമൂഹത്തിനാവില്ല.
രോഗികളുടെ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിർമാണമുണ്ടാകണം. രോഗികൾക്കും ഗർഭിണികൾക്കും ശിശുക്കൾക്കും നൽകേണ്ട ആരോഗ്യസേവനങ്ങളിൽ വീഴ്ച വരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിർവചിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. എങ്കിൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ തടയാനും അതിന് വഴിയൊരുക്കുന്ന അധമ ചിന്താഗതിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സാധിക്കൂ.
