കേരളത്തിന്‍റെ മണ്ണില്‍ നിന്ന് ലഹരി മാഫിയയെ തൂത്തെറിയും വരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരും:മന്ത്രിരമേശ് ചെന്നിത്തല

'Operation Toofan' will continue until the drug mafia is wiped out from Kerala's soil: Minister Ramesh Chennithala.

കണ്ണൂർ:കേരളത്തിന്‍റെ മണ്ണില്‍ നിന്ന് ലഹരി മാഫിയയെ തൂത്തെറിയും വരെ ഓപ്പറേഷന്‍ തൂഫാന്‍ തുടരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മാഫിയ എന്ന് കേള്‍ക്കുമ്പോള്‍ പണ്ട് ജനങ്ങള്‍ പേടിച്ചോടുമായിരുന്നു. എന്നാല്‍ ഇന്ന് ജനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ മാഫിയകള്‍ പേടിച്ചോടുന്ന സാഹചര്യമാണ്. ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തിലെപ്പോലെ തമിഴ്നാട്ടിലും കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന് തമിഴ്നാട്ടിലെ അതിര്‍ത്തിയില്‍ തമിഴ്നാട് പോലീസിന്‍റെ സഹകരണം ലഭ്യമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് അറിയിച്ചിട്ടുണ്ട്. ഇത്ര വിപുലമായ രീതിയില്‍ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരിപാടി അവതരിപ്പിച്ച കണ്ണൂര്‍ കോര്‍പ്പറേഷനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

 കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ ജീവിതമാണ് ലഹരി എന്ന പ്രമേയത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്  കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാന്‍ വാരിയറായി കെ സുധാകരന്‍ എം പി യെ പ്രഖ്യാപിക്കുകയും മന്ത്രി രമേശ് ചെന്നിത്തല എം പി യെ തൂഫാന്‍ ബാഡ്ജ് ധരിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ എസ് ടി പി, എഫ് എസ് ടി പി മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് കെ സുധാകരന്‍ എം പി നിര്‍വ്വഹിച്ചു. 

മേയര്‍ അഡ്വ.പി ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ സ്വാഗതം പറഞ്ഞു. എം എല്‍ എ മാരായ അഡ്വ.ടി ഒ മോഹനന്‍, കെ വി സുമേഷ്, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഐ എ എസ്, ഉത്തരമേഖലാ ഡി ഐ ജി യും ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറുമായ പുട്ട വിമലാദിത്യ ഐ പി എസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അസിസ്റ്റന്‍റ് കലക്ടര്‍ എസ് സ്വാതി ഐ എ എസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ഷമീമ ടീച്ചര്‍, വി കെ മുഹമ്മദലി, അഡ്വ.സോന ജയറാം, കൗണ്‍സിലര്‍മാരായ വി കെ പ്രകാശിനി ടീച്ചര്‍, പി മഹേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags