ചുട്ടുപൊള്ളി കേരളം ; സൂര്യാഘാത മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പുനലൂരിൽ ഇന്നലെ 36.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും കർശന മുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കുടയും തൊപ്പിയും ഉപയോഗിക്കുന്നതിനൊപ്പം ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം, ഒആർഎസ് ലായനി, സംഭാരം എന്നിവ കുടിക്കുകയും ചെയ്യുക. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് അനുയോജ്യം.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഡെലിവറി ജീവനക്കാർ എന്നിവർക്ക് ഉച്ചസമയത്ത് വിശ്രമവും തണലും ഉറപ്പാക്കണം. സ്കൂളുകളിൽ അസംബ്ലികളും ഉച്ചയൂണ് സമയത്തെ യാത്രകളും ഒഴിവാക്കി ശുദ്ധജലവും വായുസഞ്ചാരവും ക്രമീകരിക്കണം. കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടുന്നതും വാഹനങ്ങളിൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഇരുത്തിപ്പോകുന്നതും കുറ്റകരമായ അവഗണനയാണ്.
കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.
.jpg)

