‘ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല, വിധി വരുന്നത് വരെ സിനിമയുടെ അവകാശങ്ങൾ കൈമാറുന്നത് നിർത്തിവെക്കണം’ ; 'ദി കേരള സ്റ്റോറി 2' നിർമാതാക്കൾക്ക് കോടതിയുടെ കർശന നിർദേശം

Kerala Story 2

 'ദി കേരള സ്റ്റോറി 2' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെതിരെയുള്ള ഹരജികളിൽ വിധി വരുന്നത് വരെ സിനിമയുടെ അവകാശങ്ങൾ കൈമാറുന്നത് നിർത്തിവെക്കാൻ കേരള ഹൈകോടതി നിർദേശിച്ചു. ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ യഥാർത്ഥമാണെന്ന് തോന്നുന്നതായി നിരീക്ഷിച്ച കോടതി സിനിമയുടെ അവകാശങ്ങൾ റിലീസ് ചെയ്യുന്നത് തൽക്കാലം ഒഴിവാക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടു. ‘നാളെ സിനിമയുടെ അവകാശങ്ങൾ റിലീസ് ചെയ്യരുത്. വാദം പൂർത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയും കാത്തിരിക്കുക’ ബെഞ്ച് വ്യക്തമാക്കി.

tRootC1469263">

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' അതിന്റെ ആദ്യ ഭാഗത്തിന് സമാനമായ വിവാദങ്ങളാണ് നേരിടുന്നത്. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടിയിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. ‘നിങ്ങൾ ചിത്രത്തിന് ഒരു എ സർട്ടിഫിക്കറ്റ് പോലും നൽകിയില്ല. പകരം U/A'ആണ് നൽകിയത്’ എന്ന് കോടതി പരാമർശിച്ചു. സിനിമകളുടെ തലക്കെട്ടിൽ സംസ്ഥാനങ്ങളുടെയോ നഗരങ്ങളുടെയോ പേര് ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഗോ ഗോവ ഗോൺ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ഡൽഹി ബെല്ലി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.

‘കേരള സ്റ്റോറി 2’ കാണുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേരള സ്റ്റോറി എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്ന് ഹൈകോടതി വ്യക്തമാക്കി. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി.

സിനിമ അതിജീവിച്ച സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചാണെന്നും ഹരജിയിലെ ആരോപണങ്ങൾ സിനിമയുടെ യഥാർത്ഥ ഉള്ളടക്കത്തിന് പുറത്തുള്ളതാണെന്നും നിർമാതാക്കൾ വാദിച്ചു. ‘കേരളം ഇന്ത്യയുടെ ഭാഗമാണ്. അതിനെ വേർതിരിച്ചു കാണാൻ കഴിയില്ല. ഇത് കേരളത്തിന്റെ അന്തസ്സിനേക്കാൾ ഉപരി ഇന്ത്യയുടെ അന്തസ്സിനെ ബാധിക്കുന്ന കാര്യമാണ്’ എന്നും അവർ കോടതിയിൽ ബോധിപ്പിച്ചു. കേസിൽ വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ കോടതി നടപടികൾ നാളത്തേക്ക് മാറ്റി വെച്ചു. അതുവരെ സിനിമ പുറത്തിറക്കില്ലെന്ന് നിർമ്മാതാക്കൾ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 

Tags