കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മാതൃകാ വാടക നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ

google news
dch


കൽപ്പറ്റ: 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മാതൃകാ വാടക നിയമം(മോഡല്‍ ടെനന്‍സി ആക്ട്) സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ 

 വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് നിലവിലുള്ള വാടക നിയന്ത്രണ നിയമം കാലഹരണപ്പെട്ടതാണ്. ഇതുസംബന്ധിച്ചു കോടതികള്‍ പലതവണ പരാമര്‍ശം നടത്തിയിട്ടുണ്ട്. കെട്ടിടം ഉടമയ്ക്കും വാടകക്കാരനും ഗുണം ചെയ്യുന്നതാണ് ഇതിനകം എട്ട് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മാതൃകാ വാടക നിയമം. ജില്ലാതലത്തില്‍ കളക്ടര്‍ ചെയര്‍മാനായി റെന്റ് അഥോറ്റി രൂപീകരിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി വ്യവഹാരങ്ങള്‍ക്കായി ചെലവിടുന്ന പണവും സമയവും ലാഭിക്കാന്‍ ഉതകുന്നതാണ് കെട്ടിടം ഉടമകളും വാടകക്കാരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനവുമായ അഥോറിറ്റി. എല്ലാ വാടക കരാറുകളും അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കുന്നതിനും സഹായകമാകും.

സംസ്ഥാനത്ത് കെട്ടിടം ഉടമകളും വാടകക്കാരും ഇടനിലക്കാരുടെ ചൂഷണത്തിനു ഇരകളാണ്. അനധികൃത മേല്‍വാടക സമ്പ്രദായത്തിലൂടെയാണ് ചൂഷണം. പാര്‍ട്ണര്‍ഷിപ്പ് എന്ന വ്യാജേനയാണ് മിക്ക മേല്‍വാടക ഇടപാടും. തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലെ മുറികള്‍ പോലും മേല്‍വാടകയ്ക്കു നല്‍കുന്നുണ്ട്. വാടക ഇനത്തില്‍ കെട്ടിടം ഉടമയ്ക്കു തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാല്‍ കച്ചവടക്കാരാന്‍ വലിയ തുക നല്‍കേണ്ടിവരുന്നു. കെട്ടിടം ഉടമയ്ക്കു കിട്ടുന്നതു കഴിച്ചുള്ള തുക ഇടനിലക്കാരന്റെ പോക്കറ്റിലേക്കാണ് പോകുന്നത്. കച്ചവട ലൈസന്‍സ് പുതുക്കുമ്പോള്‍ കെട്ടിടം ഉടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കുന്നത് മേല്‍വാടക സമ്പ്രദായം ഇല്ലാതാക്കാന്‍ സഹായകമാകും.

റോഡിന്റെ വലിപ്പവും സ്ഥലവിലയും അടിസ്ഥാനമാക്കി കെട്ടിട നികുതി നിശ്ചയിക്കാനുള്ള തീരുമാനം പിന്‍വലിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി വര്‍ധിപ്പിച്ചുവാങ്ങുന്നത് അവസാനിപ്പിക്കണം. കെട്ടിടങ്ങളുടെ റവന്യൂ ടാക്‌സ് നിര്‍ണയം കുറ്റമറ്റതാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 


മാതൃകാ വാടക നിയമം നടപ്പാക്കുന്നതിനു ധനമന്ത്രി, നിയമ മന്ത്രി, തദ്ദേശ ഭരണ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികൾ  അറിയിച്ചു.

 അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് യു.എ. അബ്ദുള്‍ മനാഫ്, വൈസ് പ്രസിഡന്റ് എം.സി. പീറ്റര്‍, സെക്രട്ടറി നിരണ്‍ വിജയന്‍, ട്രഷറര്‍ ജോണി പാറ്റാനി, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം അഡ്വ.ജസ്റ്റസ് പൗലോസ്, സലിം അറക്കല്‍, കുര്യന്‍ ജോസഫ്, ബക്കര്‍ പള്ളിയാല്‍
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags