കേരളം വരൾച്ചയിലേക്കോ ? കഴിഞ്ഞ മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയത് 22 ശതമാനം മഴക്കുറവ്
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 22 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത് കടുത്ത വരൾച്ചാ മുന്നറിയിപ്പിലേക്ക് നയിക്കുന്നു. മുൻ വർഷങ്ങളിൽ 13 ശതമാനമായിരുന്ന മഴക്കുറവാണ് ഇപ്പോൾ ഇത്രയധികം വർധിച്ചത്. നിലവിൽ അടിയന്തര വരൾച്ചാ പ്രഖ്യാപനമില്ലെങ്കിലും, സെപ്റ്റംബറിലും ശരാശരിയെക്കാൾ കുറഞ്ഞ മഴ മാത്രമെ ലഭിക്കൂ എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ സാഹചര്യം വിലയിരുത്തിക്കഴിഞ്ഞു. ജലലഭ്യതയും അണക്കെട്ടുകളിലെ ജലനിരപ്പും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
ഈ മഴക്കുറവും ഉയർന്ന താപനിലയും നെല്ല്, പച്ചക്കറി തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങ്, റബർ, ഏലം, കാപ്പി തുടങ്ങിയ പ്രധാന തോട്ടവിളകളെയും ഗുരുതരമായി ബാധിക്കും. കൂടാതെ, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുന്നത് ജലവൈദ്യുത ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കും. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യത കുറഞ്ഞതും മഴ കുറഞ്ഞതിനെ തുടർന്ന് ഉത്തരേന്ത്യയിൽ ഉപയോഗം വർധിച്ചതും സംസ്ഥാനത്ത് വീണ്ടും പവർകട്ടിനും വൈദ്യുതി നിയന്ത്രണങ്ങൾക്കും കാരണമായിട്ടുണ്ട്.
സ്ഥിതിഗതികൾ ഗുരുതരമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ശതമാനത്തിനു മുകളിലുള്ള മഴക്കുറവ് പലയിടത്തും ശുദ്ധജലക്ഷാമത്തിന് ഇടയാക്കുമെന്നും, 26 ശതമാനത്തിന് മുകളിലുള്ള കുറവ് ഗുരുതരമായ ജലസമ്മർദത്തിലേക്ക് നയിക്കുമെന്നുമാണ് വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വിപുലമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്നത്.
.jpg)

