കേരളത്തിൽ വരും ദിവസങ്ങളിലും മഴ കനക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലവിലുള്ളത്. ഇതിന് പുറമെ ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.
ആഗസ്റ്റ് ആറിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ടുമാണുമുള്ളത്. ഏഴിന് സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട്. എട്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യൊല്ലോ അലർട്ടുമാണുള്ളത്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദികളിൽ ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അസേമയം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു.
55.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 184.2 മില്ലിമീറ്ററും. മൂന്നുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്.
പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിൽ 257.4 മില്ലിമീറ്റർ മഴ പെയ്തു (326 ശതമാനം അധികം). ലഭിക്കേണ്ടിയിരുന്നത് 60.4 മില്ലിമീറ്ററാണ്. കണ്ണൂരിൽ 227 ശതമാനം (207 ശതമാനം അധികം) മഴ പെയ്തു.
തിങ്കളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ ഏറ്റവുമധികം മഴ പെയ്തത് കോട്ടയം പൂഞ്ഞാർ കുന്നോന്നി ഞാറക്കലിൽ. 186.82 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ച പയ്യാനിത്തോട്ടം ഉൾപ്പെട്ട തെക്കേക്കര പഞ്ചായത്തിനുസമീപത്തെ സ്ഥലമാണ് കുന്നോന്നി ഞാറക്കൽ.
മീനച്ചിൽ നദീസംരക്ഷണ സമിതി വളൻറിയർമാരാണ് മഴമാപിനി വഴി ഇവിടുത്തെ മഴക്കണക്ക് ശേഖരിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ രാജീവൻ എരിക്കുളമാണ് വിവിധ സ്റ്റേഷനുകളിൽനിന്നുള്ള മഴയുടെ അളവുകൾ ക്രോഡീകരിച്ചത്. പെരിങ്ങുളം ചട്ടമ്പിയാണ് മഴ അളവിൽ രണ്ടാമത് -166.06 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. പത്തനംതിട്ട പ്ലാപ്പള്ളിയാണ് മൂന്നാംസ്ഥാനത്ത് -157 മി. മീറ്റർ. കുറവ് മഴ കോട്ടയത്തുതന്നെ വടവാതൂരിലാണ് -75 മി. മീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്.
.jpg)

