ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ മഴ കനക്കും
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളുടെ എണ്ണം ഏഴായി ഉയർന്നു. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ജൂലൈ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ പ്രതിഫലനമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
പുതുക്കിയ വിവരങ്ങൾ അനുസരിച്ച് ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ജൂലൈ 28 – ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

