കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Low pressure in the Bay of Bengal; Summer rains are expected in the state

 കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും നിലനിന്നിരുന്ന ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ മുന്നറിയിപ്പിന് കാരണം.

ജൂലൈ 27 ഉച്ചയോടെ ഈ അതിതീവ്ര ന്യൂനമർദം വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനുപുറമേ, പടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ന്യൂനമർദവും നിലവിലുണ്ട്.

ഇതിന്റെ തുടർച്ചയായി സംസ്ഥാനത്ത് ജൂലൈ 30 വരെ വിവിധ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 28-ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 29-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 30-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags