കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യത ; വടക്കൻ ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
കേരളത്തിൽ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
സംസ്ഥാനത്തെ നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിതമാണ്. എങ്കിലും മുൻകരുതലിന്റെ ഭാഗമായി 13 അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പ്രധാന നദികളിലെ 38 സ്റ്റേഷനുകളിൽ 20 ഇടങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ റിപ്പോർട്ട്.
കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ വൻ അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും ജലാശയങ്ങൾക്ക് സമീപം പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
.jpg)

