ഓണം വെള്ളത്തിലാകുമോ ? സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപക മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട നേരിയ മഴയ്‌ക്കാണ് സാധ്യത.
മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്തെയും ലക്ഷദ്വീപിലെയും തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാവിലെ 8.30 വരെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തമാകുന്ന ഘട്ടത്തിൽ ഇരു നടപടികളും ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും ചെയ്യണം.
.jpg)

