കേരള പൊലീസ് ജനജീവിതത്തെ സംരക്ഷിക്കുന്ന സേന: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കണ്ണൂർ : സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരളാ പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കെഎപി, എംഎസ്പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്ന പോലീസ് സേനാംഗങ്ങൾ ജനതാൽപര്യം ഉയർത്തിപ്പിടിക്കണം. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത പോലിസ് സേനാംഗങ്ങൾക്കുണ്ട്. കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാത്യകയാണ് കേരള പൊലീസ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും നാടിന്റെ ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും പൊലീസിനുണ്ടെന്നും അത് മറക്കരുതെന്നും മന്ത്രി പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എംഎൽഎമാരായ ടി ഒ മോഹനൻ, സജി ജോസഫ്, വി കുഞ്ഞികൃഷ്ണൻ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡിഐജി ജെ ഹിമേന്ദ്രനാഥ്, കണ്ണൂർ റെയ്ഞ്ച് ഡിഐജി കെ കാർത്തിക്, കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ, സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി, കാസർഗോഡ് എസ്പി നിതിൻ രാജ്, സിആർപിഎഫ് ഡിഐജി മാത്യു എ ജോൺ, ഏഴിമല നാവിക അക്കാദമി കമാൻഡർ ഗിരിപ്രസാദ്, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓമന പങ്കൻ, കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കെഎപി നാലാം ബറ്റാലിയനിലെ 166, എംഎസ്പിയിലെ 139 എന്നിങ്ങനെ 305 പേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനീയറിംഗ് ബിരുദക്കാരും 195 പേർ ബിരുദധാരികളും 18 പേർ ഡിപ്ലോമ യോഗ്യതയുള്ളവരുമാണ്. 9 മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും നീന്തൽ, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്, ഹൈ ആൾടിറ്റിയൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ്, ആന്റി സബോട്ടേജ് ട്രെയിനിംഗ്, സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ഇവർ സ്വായത്തമാക്കി.
എംഎസ്പിയിലെ മികച്ച ഷൂട്ടറായി കെ വൈ ജിതിൻ, ഇൻഡോർ വിഭാഗത്തിൽ പി ആദർശ്, സൈബർ മികവിൽ കെ ഷിബിൻ, ഔട്ട്ഡോർ, ഓൾറൗണ്ടർ വിഭാഗത്തിൽ ബിഐ ജിനു എന്നിവരും കെഎപിയിലെ മികച്ച ഷൂട്ടറായി കെ വി നിവേദ് , ഇൻഡോർ വിഭാഗത്തിൽ ആൽവിൻ വർഗ്ഗീസ്, സൈബർ മികവിൽ എസ് പി അമർനാഥ്, ഔട്ട്ഡോറിൽ സബിൻ ടി സത്യൻ, ഓൾ റൗണ്ടറായി ഡി അമൽദേവ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
.jpg)

