കുറ്റാന്വേഷണത്തിലും ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിലും കേരള പൊലീസിൻറെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണ് ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കുറ്റാന്വേഷണത്തിലും ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിലും കേരള പൊലീസിൻറെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ പുതിയ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കണം. വിദ്യാസമ്പന്നരായ യുവാക്കൾ സേനയിലേക്ക് എത്തുന്നത് കേരള പോലീസിൻറെ മികവും പ്രവർത്തനക്ഷമതയും ഉയർത്തും. ഓരോ പോലീസ് ഉദ്യോഗസ്ഥനും സമൂഹത്തിനു റോൾ മോഡലായി മാറണമെന്നും മന്ത്രി ഓർമിപ്പിച്ചു.
മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ, പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിൽ നിന്നുള്ള 127 ഉം കേരള ആംഡ് പോലീസ് രണ്ടാം ബറ്റാലിയനിൽ നിന്നുള്ള 110ഉം ഇന്ത്യാ റിസർവ് ബറ്റാലിയനിൽ നിന്നും പരിശീലനം ലഭിച്ച 110 റിക്രൂട്ട് പോലീസ് ഡ്രൈവർ സേനാംഗങ്ങളും ഉൾപ്പെടെ 347 റിക്രൂട്ട് പോലീസ് സേനാംഗങ്ങളാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. വിനീത് പി നയിച്ച പരേഡിൻറെ സെക്കൻറ് ഇൻ കമാൻഡർ ഹാഷിം അലിയാർ ആയിരുന്നു.
കെ.എ.പി ഒന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് അജിത്ത് കെ.ആർ ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായ ഷിനു റോബിൻ ആർ.ജെ തന്നെയാണ് മികച്ച ആൾ റൗണ്ടറും. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് വിഷ്ണു പി.എസ് ആണ്. കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീഹരി എൻ ആനന്ദ് ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി വിനീത്.പി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് സജിത്ത് സി.ബി ആണ്. ഹർഷദ് .വി ആണ് മികച്ച ആൾ റൗണ്ടർ.
ഇന്ത്യാ റിസർവ് ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് രാഹുൽ ആർ.എസ് ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അർജുൻ കെ.എ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് ബിജിൻ രാജ് വി.എസ് ആണ്. ഉബൈത് .എം ആണ് മികച്ച ആൾ റൗണ്ടർ. അടിസ്ഥാന പരിശീലനത്തൻറെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം ലഭിക്കുകയുണ്ടായി.
ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, മോട്ടോർ വെഹിക്കിൾ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നീ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയവ പോലീസിൻറെ മാനവിക മുഖത്തിൻറെ സാക്ഷ്യം കൂടിയാണ്. nഎം.എൽ.എമാരായ എ. പ്രഭാകരൻ, രമേശ് പിഷാരടി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, കേരള പോലീസ് അക്കാദമി ഡയറക്ടറും ഐ.ജിയുമായ കെ.സേതുരാമൻ, തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി നാരായണൻ .ടി, ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജി ജെ. ഹിമേന്ദ്രനാഥ്, ആംഡ് പോലീസ് ബറ്റാലിയൻ ആസ്ഥാനത്തെ കമാണ്ടൻറ് കെ.ഇ ബൈജു, ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷി, കമാണ്ടൻറുമാരായ പി. വാഹിദ്, ജാക്സൺ പീറ്റർ, രാജേഷ് .ആർ, പ്രേമൻ.യു, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
.jpg)

