കേരളത്തിനുള്ളത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധത: മന്ത്രി വി. ശിവന്‍കുട്ടി

google news
dsag

പാലക്കാട് : എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുവാനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിജയത്തിനുള്ള കാരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പുതിയങ്കം ഗവ യു.പി സ്‌കൂളില്‍ കിഫ്ബി ഒരു കോടി രൂപ ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സാര്‍വത്രിക സാക്ഷരതക്ക് സംസ്ഥാനം നല്‍കിയ ഊര്‍ജ്ജം ശക്തമായ വിദ്യാഭ്യാസ അടിത്തറക്ക് കളമൊരുക്കിയെന്നും പഠനവും വിജ്ഞാന സമ്പാദനവും മൗലിക അവകാശങ്ങളായി കണക്കാക്കുന്ന ഒരു സംസ്‌കാരത്തിന് അത് അടിത്തറ പാകിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഒരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വിഭവങ്ങള്‍ എന്നിവയിലെല്ലാം വന്‍തോതില്‍ നിക്ഷേപം നടത്തി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗക്കാര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് സംസ്ഥാനം പ്രശംസനീയമായ മുന്നേറ്റം നല്‍കി. സ്‌കോളര്‍ഷിപ്പുകള്‍, സംവരണം, മറ്റ് സാമൂഹിക ഉന്നമനം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ അസമത്വങ്ങളെ മറികടക്കാന്‍ സഹായിച്ചെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ വിഭവങ്ങളും കണക്ടിവിറ്റിയും നല്‍കികൊണ്ട് സംസ്ഥാനം ക്ലാസ് റൂമില്‍ സാങ്കേതിക വിദ്യ സ്വീകരിച്ചെന്നും ഇത് ഡിജിറ്റല്‍ യുഗത്തിന്റെയും ആഗോളവത്ക്കരണത്തിന്റെയും വെല്ലുവിളികളെ നേരിടാന്‍ കുട്ടികളെ സജ്ജരാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം അലി, ആലത്തൂര്‍ വൈസ് പ്രസിഡന്റ്  ചന്ദ്രന്‍ പരുവയ്ക്കല്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി എസ്. ഫസീല എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags