വിദ്യാർത്ഥികളില്ല; ഐടിഐകളിൽ 749 ട്രേഡുകൾ ഒഴിവാക്കുന്നു


2018 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം ഒരു വിദ്യാര്‍ഥിപോലും പ്രവേശനംനേടാത്ത കോഴ്‌സുകളാണ് ഒഴിവാക്കുന്നത്
പാലക്കാട് : പഠിക്കാൻ വിദ്യാർത്ഥികളില്ലാത്തതിനാൽ ഐടിഐകളിലെ 749 ട്രേഡുകൾ ഒഴിവാക്കുന്നു. സർക്കാർ - സ്വകാര്യ ഐടിഐകളിലെ 749 ട്രേഡുകളാണ് ഒഴിവാക്കുക. ഈ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ട്രെയ്നിങ് ഡയറക്ടറാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ യോഗ്യതയ്ക്കനുസരിച്ച് പുനര്‍വിന്യസിക്കാനും ധാരണയായി. നാല്‍പ്പതോളം അധിക തസ്തികകളിലുള്ളവരെയാണ് പുനര്‍വിന്യസിക്കേണ്ടി വരിക. 2018 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം ഒരു വിദ്യാര്‍ഥിപോലും പ്രവേശനംനേടാത്ത കോഴ്‌സുകളാണ് ഒഴിവാക്കുന്നത്.
കേന്ദ്ര നൈപുണിവികസന-സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള ട്രെയ്നിങ് ഡയറക്ടര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തെ 415 ഐടിഐകളിലായി 21,609 ട്രേഡുകളാണ് ഒഴിവാക്കുന്നത്. ഇതിൽ 749 എണ്ണം കേരളത്തിലാണ്. ഇതില്‍ 109 എണ്ണം തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട്, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഐടിഐകളിലാണ്.ബാക്കി 640 ട്രേഡുകള്‍ സ്വകാര്യ സ്ഥാപനങ്ങളിലുമാണ് ഉള്ളത്.
തിരുവനന്തപുരം കഴക്കൂട്ടത്തെ നാഷണല്‍ സ്‌കില്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രം 16 കോഴ്‌സുകളാണ് ഇല്ലാതാവുക. ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കോസ്മറ്റോളജി, ഡെസ്‌ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഡ്രസ് മേക്കിങ്, ഇലക്ട്രോണിക്‌സ് മെക്കാനിക്, സെക്രട്ടേറിയല്‍ പ്രാക്ടീസ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. മലമ്പുഴ ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവിൽ)ഫൗണ്ടറിമാന്‍, മെക്കാനിക് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ് എന്നീ ട്രേഡുകളാണ് പട്ടികയിലുള്ളത്. ഓരോ കോഴ്‌സിലും പരമാവധി 24 സീറ്റുകളാണുണ്ടായിരുന്നത്.
