'കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പ്; ആറ് മാസം കൊണ്ട് ഭരണസ്തംഭനം': രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

'Kerala is ruled by a power group; government shutdown in six months': M.V. Govindan with strong criticism

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കങ്ങളിലും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിലും രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം എന്നവകാശപ്പെടുന്നവർ എന്തിനാണ് പരാതിയുമായി പോകുന്നതെന്നും സൗന്ദര്യം ആസ്വദിച്ചു നിന്നാൽ പോരെയെന്നും അദ്ദേഹം പരിഹസിച്ചു. പരസ്പരം കഴുത്തിനു പിടിച്ച് എത്ര നാൾ പോകുമെന്ന് ചോദിച്ച ഗോവിന്ദൻ, കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പാണെന്നും കുറ്റപ്പെടുത്തി.

മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണെന്നും പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭ കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. "ആറ് മാസം കൊണ്ട് ഇങ്ങനെയായി. കേരളത്തിൽ ഭരണസ്തംഭനമാണ്. ഉദ്യോഗസ്ഥർക്ക് വിശ്വാസം ഇല്ലാതാവും. പരാതികളുമായി മുഖ്യമന്ത്രി തന്നെ ഹൈക്കമാൻഡിലേക്ക് ഘോഷയാത്ര നടത്തുന്ന സ്ഥിതിയാണ്," ഗോവിന്ദൻ വ്യക്തമാക്കി.

കെ.സി - വി.ഡി പക്ഷങ്ങളായി കോൺഗ്രസ് രണ്ട് വിഭാഗമായി പിരിഞ്ഞിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനും കെ.സി പക്ഷത്തിനുമെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്നാരോപിച്ച് മെറ്റ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയതിനെയും ഗോവിന്ദൻ വിമർശിച്ചു. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണ് നടക്കുന്നതെന്നും കോൺഗ്രസ് - ബിജെപി ബന്ധം ഒരു മാപ്പ് കൊണ്ട് തീരാവുന്നതാണെന്നും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ അവർക്ക് യാതൊരു പ്രയാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നത് അടഞ്ഞ അധ്യായമാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോ എന്ന ചോദ്യത്തിന് 'അടഞ്ഞ അധ്യായം എന്ന് പറഞ്ഞതിൽ എല്ലാം ഉണ്ടെന്നായിരുന്നു' മറുപടി. വൈദ്യുതി കരാർ ഇടപാടിൽ മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും മൂന്ന് രൂപ യഥാർത്ഥ വിലയുള്ള വൈദ്യുതി 12.55 രൂപയ്ക്കാണ് വാങ്ങിയതെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മയിൽപ്പീലി സ്കോളർഷിപ്പിനെ സംഘപരിവാർ ശക്തികൾക്ക് സ്കൂളുകളിൽ കയറാനുള്ള സൗകര്യമായാണ് കാണേണ്ടതെന്നും ആർഎസ്എസിന് കീഴടങ്ങിയതിന് ശേഷമാണ് ഇത് പിൻവലിച്ചതെന്ന് മന്ത്രി പറയുന്നതായും ഗോവിന്ദൻ പറഞ്ഞു.

Tags