ആരോക്കെയോ സ്പോണ്‍സര്‍ ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്, ജനങ്ങളുടെ സര്‍ക്കാരല്ല: പി രാജീവ്
വി ഡി സതീശന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ സ്പോണ്‍സറെ കാണാന്‍ പോയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി രാജീവ്. ചെലവ് വഹിക്കുന്നത് സ്പോണ്‍സര്‍ ആണെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിലാണ് പി രാജീവ് പ്രതികരിച്ചത്. സര്‍ക്കാര്‍ എങ്ങനെയാണ് ഒരു സ്പോണ്‍സറെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക കാരണങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പണമാണ് ഉപയോഗിക്കേണ്ടത്. അവിടെ സ്പോണ്‍സര്‍ വരുമ്പോള്‍ സര്‍ക്കാര്‍ മറ്റ് സ്വാധീനങ്ങള്‍ക്ക് വഴങ്ങേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. സ്വാധീനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങളുടെ ചിലവ് സര്‍ക്കാരില്‍ നിന്ന് കണ്ടെത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
വി ഡി സതീശന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ സ്പോണ്‍സറെ കാണാന്‍ പോയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പോണ്‍സര്‍ കുറ്റാരോപിതരാണോ എന്നതിലും വ്യക്തതയില്ല. ആഭ്യന്തര മന്ത്രിയുടെ വിദേശ യാത്രയും മന്ത്രിക്ക് വാഹനം കിട്ടിയതും സ്പോണ്‍സര്‍ വഴി ആണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. ആരോക്കെയോ സ്പോണ്‍സര്‍ ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഈ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരല്ല. ഏതോ ശക്തികള്‍ സ്പോണ്‍സര്‍ ചെയ്ത സര്‍ക്കാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാരും മന്ത്രിമാരും നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
.jpg)

