കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ
വിരമിച്ച ഐഎഎസ് ഓഫീസർ സുധ പിളള ചെയർപേഴ്സണായി അഞ്ചംഗ കമ്മിറ്റിയെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച ഐഎഎസ് ഓഫീസർ സുധ പിളള ചെയർപേഴ്സണായി അഞ്ചംഗ കമ്മിറ്റിയെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്.
സമിതിക്ക് മുന്നുമാസമാണ് കാലാവധി.ചെയർപേഴ്സൺ സുധാ പിള്ളയ്ക്ക് പുറമേ ഫെഡറൽ ബാങ്കിൻ്റെ മുൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീ നിലേഷ് വികംസി, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഡിറ്റ് ബോർഡിന്റെ മുൻ ഡയറക്ടർ എച്ച്. ശുഭലക്ഷ്മി നാരായണൻ,മുൻ റവന്യൂ സെക്രട്ടറി ഡോ. തരുണ്‍ ബജാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
'കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സ്ഥാപനപരവും സാമ്പത്തികവും ഭരണപരവും പ്രവർത്തനപരവുമായ സംവിധാനങ്ങളെ സമഗ്രമായി വിലയിരുത്താൻ സർക്കാർ തീരുമാനിച്ചു.
ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക, ഭരണനിലവാരം കൂടുതൽ ശക്തിപ്പെടുത്തുക, സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ പിന്തുണ നൽകാനുള്ള ശേഷി വർധിപ്പിക്കുക എന്നിവ അവലോകനം ചെയ്യുകയാണ് അഞ്ചംഗ സമിതിയുടെ ലക്ഷ്യ'മെന്നാണ് ഇത് സംബന്ധിച്ച ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
കിഫ്ബിയുടെ നിലവിലെ പ്രവർത്തനരീതി പരിശോധിച്ച് സമഗ്രമായ പുനഃസംഘടനാ പദ്ധതി ശുപാർശ ചെയ്യുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ ഒരു സമിതി രൂപീകരിച്ചുവെന്നാണ് ഉത്തരവ് പറയുന്നത്.
സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സെക്രട്ടേറിയറ്റ് സംവിധാനമൊരുക്കുന്നതിനുമായി ഒരു ആഭ്യന്തര ഏകോപന സമിതിയും രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായ ആഭ്യന്തര ഏകോപന സമിതിയിൽ ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ ഐഎഎസ്, ധനകാര്യ വകുപ്പിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സച്ചിൻ കുമാർ യാദവ് ഐഎഎസ്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തിലകൻ കെപികെ എന്നിവർ അംഗങ്ങളാണ്.
.jpg)

