2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു

holiday

റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.


ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാശിവരാത്രി, റംസാന്‍, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്. ഏപ്രിലില്‍ അംബേദ്കര്‍ ജയന്തിയും വിഷുവും മെയില്‍ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബര്‍ 13നും നാലാം ഓണം സെപ്റ്റംബര്‍ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍ 15നുമാണ്. സെപ്റ്റംബര്‍ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും.
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബര്‍ 28ന് ദീപാവലിയും ഡിസംബര്‍ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാന്‍, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങള്‍ ചന്ദ്രദര്‍ശനത്തിന് അനുസരിച്ച് മാറാന്‍ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags