കേരള ഡിജിറ്റൽ സർവകലാശാല പ്രവേശനം

Plus One admission; Corrections allowed till Wednesday

കേരള ഡിജിറ്റൽ സർവകലാശാലയിൽ എം.എസ്‌സി., എം.ടെക്., എം.ബി.എ., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമുകളുടെ അവസാനവർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.

എം.ടെക്.

    എം.ടെക്. കമ്പ്യൂട്ടർ സയൻസ് (എ.ഐ., സൈബർ സെക്യൂരിറ്റി): കമ്പ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ടെക്കോ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി., മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലൊന്നിൽ പി.ജി.യോ ഇന്റഗ്രേറ്റഡ് പി.ജി.യോ വേണം.
    എം.ടെക്. ഇലക്ട്രോണിക്സ് എൻജിനിയറിങ് (വി.എൽ.എസ്.ഐ. ഡിസൈൻ): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/റോബോട്ടിക്സ് വിഷയങ്ങളിൽ ബി.ടെക്. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷനിൽ ഇൻറഗ്രേഡ് പി.ജി. യോഗ്യതാ പ്രോഗ്രാമിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം.

എം.ബി.എ.

    എം.ബി.എ. (റഗുലർ): സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് സ്പെഷ്യലൈസേഷൻ എന്നിവയ്ക്കു പുറമേ ജോലി ചെയ്യുന്നവർക്കുള്ള എം.ബി.എ. ഫോർ വർക്കിങ് പ്രൊഫഷണൽസ് പ്രോഗ്രാമും ഉണ്ട്.
    ഡി.യു.എ.ടി., സി.യു.ഇ.ടി. -പി.ജി., സിമാറ്റ്, ജി.ആർ.ഇ., എക്സ്മാറ്റ്, എൻമാറ്റ്, ജിമാറ്റ്, കാറ്റ്, കെമാറ്റ് എന്നിവയിലൊന്നിലെ സ്കോർ വേണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കു ഗ്രൂപ്പ് ചർച്ചയും അഭിമുഖവുമുണ്ട്.

എം.എസ്‌സി. (രണ്ടു വർഷ പ്രോഗ്രാമുകൾ)

അപ്ലൈഡ് ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ./ സൈബർ സെക്യൂരിറ്റി/ഡേറ്റ അനലിറ്റിക്സ്), ഡേറ്റ സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ മോഡലിങ്, ഡേറ്റ സയൻസ് ആൻഡ് ബയോ എ.ഐ., ഡേറ്റ സയൻസ് ആൻഡ് ഫിൻടെക്, ഡേറ്റ സയൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്, ഡേറ്റ സയൻസ് ആൻഡ് പ്രൊഡക്ട്സ് ഡിവലപ്മെന്റ്, ഇലക്ട്രോണിക്സ്, ഇക്കോളജി, എൻവയൺമെന്റൽ സയൻസ്. ഡിഗ്രി ലെവലിൽ 60% മാർക്ക് വേണം.

എം.എസ്‌സി. (ഒരു വർഷ പ്രോഗ്രാമുകൾ)

അഡ്വാൻസ്ഡ് എ.ഐ., സൈബർ സെക്യൂരിറ്റി, എൻവയൺമെന്റൽ സസ്റ്റൈനബിലിറ്റി. യോഗ്യതാ പ്രോഗ്രാമിൽ 70 ശതമാനം മാർക്ക് വേണം. ഡി.യു.എ.ടി., സി.യു.ഇ.ടി. -പി.ജി., ഗേറ്റ് എന്നിവയിലൊന്നിൽ യോഗ്യത നേടണം. ചില പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശനപരീക്ഷയോ അഭിമുഖമോ ഉണ്ടാകും.

അഡ്മിഷൻ ടെസ്റ്റ്

പി.ജി. പ്രവേശനത്തിനായി ജൂൺ ഒന്നിനു നടത്തുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (ഡി.യു.എ.ടി.) ഓൺലൈനായി വീട്ടിലിരുന്ന് എഴുതാം. ലാപ്ടോപ് / ഡെസ്ക്ടോപ്, വെബ്ക്യാം, ഇൻറർനെറ്റ് കണക്ടിവിറ്റി ഇവ ഒരുക്കിയിരിക്കണം. ഒരു മണിക്കൂർ പരീക്ഷയിൽ 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് ഒരു മാർക്ക്, തെറ്റിനു 0.25 നെഗറ്റീവ് മാർക്ക്.

പിഎച്ച്.ഡി.

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ, ഡിജിറ്റൽ സയൻസസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഇൻഫർമാറ്റിക്സ് സ്കൂളുകളുടെ കീഴിൽ റഗുലർ, പാർട്ട് ടൈം, ഇൻഡസ്ട്രി വിഭാഗങ്ങളിൽ പിഎച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. 60 ശതമാനം മാർക്കോടെ പി.ജി. ഉള്ളവർക്കും എം.ഫിൽ ഉള്ളവർക്കും അപേക്ഷിക്കാം. നെറ്റ്/ജെ.ആർ.എഫ്., ഗേറ്റ്, സി.ഇ.ഇ.ഡി. തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. ബാക്കിയുള്ളവർ ജൂൺ എട്ടിന് നടത്തുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡി.ആർ.എ.ടി.) യോഗ്യത നേടണം. അതതു സ്കൂളുകൾ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

അപേക്ഷ

duk.ac.in/admission/apply വഴി മേയ് 17 വരെ അപേക്ഷിക്കാം. ഡി.യു.എ.ടി.ക്ക് അപേക്ഷിക്കുന്നവർക്ക് 750 രൂപയാണ് ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 375 രൂപ. സി.യു.ഇ.ടി.-പി.ജി. അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റ് യോഗ്യതാപരീക്ഷ സ്കോർ ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്ക് യഥാക്രമം 100 രൂപയും 50 രൂപയും ആണ് ഫീസ്. പിഎച്ച്.ഡി.ക്ക് അപേക്ഷാ ഫീസ് 1500 രൂപ.
 

Tags