കേരള തീരത്ത് കടലാക്രമണ സാധ്യത ; തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

sea

 തിരുവനന്തപുരം : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) ആണ് സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ സമയത്ത് 1.0 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ, കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ, തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ,മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ, കോഴിക്കോട്: ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ, കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ, കാസര്‍കോട്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയാണ് ജാഗ്രത വേണ്ട പ്രധാന തീരമേഖലകൾ.

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

കള്ളക്കടൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഈ സമയങ്ങളിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. തിരമാല ശക്തമായിരിക്കുമ്പോൾ ബോട്ടുകൾ കടലിലേക്ക് ഇറക്കുന്നതും കരക്ക് കയറ്റുന്നതും ഒരുപോലെ അപകടകരമാണ്.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലെ വിനോദ സഞ്ചാരവും കടലിൽ ഇറങ്ങിയുള്ള കളികളും ഒഴിവാക്കണം. ഹാർബറിലുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി കെട്ടിയിടുകയും, തമ്മിൽ മതിയായ അകലം പാലിച്ച് കൂട്ടിയിടി ഒഴിവാക്കുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും വേണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ എല്ലാവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Tags