'ഏതെങ്കിലും നേതാവിന്റെ പ്രീതിപിടിച്ചു നാലെഴുത്ത് എഴുതിയാല്‍ താഴെ വീഴില്ല കേരള മുഖ്യമന്ത്രി'; വി ഡി സതീശനെ പിന്തുണച്ച് കെഎസ്‌യു നേതാവ്

ksu leader

ഇന്ന് കെഎസ്യുക്കാരുടെയും യൂത്ത് കോണ്‍ഗ്രസുകാരുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് വാചാലമാകുന്നവര്‍ അന്ന് എന്തേ മിണ്ടാതിരുന്നത്....

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ എന്താണ് തെറ്റെന്ന ചോദ്യവുമായി കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തികള്‍, ഇത്തവണ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ഇല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ ഇപ്പോള്‍ ചിലര്‍ക്കെന്ന് കൃഷ്ണലാല്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം
'മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കവുമായി വരുന്നവരോട്.......

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ എന്താണ് തെറ്റ്... കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തികള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ആര്‍ക്കും ഇല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ ഇപ്പോള്‍ ചിലര്‍ക്ക്? എന്തിയെ അപ്പോള്‍ തെരുവില്‍ തല്ലുകൊണ്ട് കെഎസ്യുക്കാരന്റെയും യൂത്ത് കോണ്‍ഗ്രസുകാരന്റെയും അവസരം നഷ്ടപ്പെട്ടിട്ടില്ലേ,, ഇന്ന് കെഎസ്യുക്കാരുടെയും യൂത്ത് കോണ്‍ഗ്രസുകാരുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് വാചാലമാകുന്നവര്‍ അന്ന് എന്തേ മിണ്ടാതിരുന്നത്....
പ്ലീഡര്‍ നിയമനം ആയി ബന്ധപ്പെട്ട മുന്‍കാലങ്ങളില്‍ കലാലയ രാഷ്ട്രീയത്തില്‍ എസ്എഫ്‌ഐ ആയിരുന്നു അല്ലെങ്കില്‍ എബിവിപി ആയിരുന്നു എന്നു പറയുന്നതില്‍ എന്താണ് പ്രസക്തി? അവര്‍ മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയം പിന്തുടരുന്നവരാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയെസ് കോണ്‍ഗ്രസില്‍ അംഗത്വം ഉള്ളവരെ.. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസുകള്‍ വാദിക്കുന്നവരെ പ്ലീഡര്‍മാരായി നിയമിക്കുന്നതില്‍ എന്താണ് തെറ്റ്?

അവരുടെ മുന്‍കാല രാഷ്ട്രീയം പറഞ്ഞ് അവരെ ക്രൂശിക്കുന്ന പാരമ്പര്യമല്ല....മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ പാതയിലുള്ളവരെ സംരക്ഷിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് ഇക്കാലമത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളത്.

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഇടതുപക്ഷ അനുഭാവികള്‍ ലിസ്റ്റില്‍ ഇടംപിടിച്ചു എന്ന് വാര്‍ത്ത വന്നപ്പോള്‍ അത് പരിശോധിക്കാന്‍ തയ്യാറാവുകയും, അത് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആ നിയമനം റദ്ദാക്കിയ നേതാവാണ് വിഡി സതീശന്‍.

കെഎസ്യു നേതാക്കന്മാര്‍ക്ക് പാര്‍ട്ടിക്കകത്ത് പരാതികള്‍ ഉന്നയിക്കാനുള്ള എല്ലാ അവസരങ്ങളും നിലനില്‍ക്കെ.. എന്തിനുവേണ്ടി നവമാധ്യമങ്ങളില്‍ വിഴുപ്പലക്കുന്നു..? കെഎസ്യു യൂണിറ്റ് കമ്മിറ്റി ഒരു പരാതി ഉന്നയിക്കുമ്പോള്‍ ആ പരാതി ആദ്യം എത്തുന്നത് പാര്‍ട്ടിക്ക് അടുത്തേക്ക് അല്ല മറിച്ച് പരാതി ആമെത്തുന്നത് മാധ്യമങ്ങളില്‍ ആണ്. ഇതില്‍നിന്ന് എല്ലാം വ്യക്തമല്ലേ ആരെ തൃപ്തിപ്പെടുത്താനാണ് ആര്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ടന്മാരല്ല എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്.

കെഎസ്യുവിന്റെ ഗ്രൂപ്പ് മാനേജര്‍മാരായ ചില നേതാക്കന്മാരോട് ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഫെയ്‌സ്ബുക്ക് താളുകളില്‍ നാലെഴുത്ത് എഴുതിയാല്‍ താഴെ താഴെ വീഴുന്നതെല്ലാം കേരള മുഖ്യമന്ത്രിയും സര്‍ക്കാരും എന്നോര്‍ത്താല്‍ നല്ലത്.

# കേരള മുഖ്യമന്ത്രി വി ഡി സതീശന് ഐക്യദാര്‍ഢ്യം'

Tags