കീര്‍ത്തനയുടെ ആത്മഹത്യ ; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി
കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഹൈക്കോടതിയെ സമീപിച്ച ആദിദേവ് മുന്‍കൂര്‍ ജാമ്യവും നേടി.
കണ്ണൂര്‍ തില്ലങ്കേരിയിലെ 20കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം വേണോയെന്ന് തീരുമാനിക്കുക. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കീര്‍ത്തന ജീവനൊടുക്കിയതെന്നും ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.
തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായിരുന്ന കീര്‍ത്തന ജീവനൊടുക്കിയത് ഏപ്രില്‍ 30ന്. മംഗളൂരുവില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു. മട്ടന്നൂര്‍ സ്‌കൂളിലെ സഹപാഠി ആയിരുന്ന ആദിദേവും കീര്‍ത്തനയും പ്രണയത്തിലായിരുന്നു. മറ്റൊരു പെണ്‍കുട്ടിയുമായി ആദിദേവ് അടുപ്പത്തിലായെന്നും ഇതാണ് കീര്‍ത്തനയുടെ ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കള്‍ പറയുന്നു, കൂട്ടുകാരിക്ക് കീര്‍ത്തന അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് തെളിവായി ഉയര്‍ത്തുന്നത്.
കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഹൈക്കോടതിയെ സമീപിച്ച ആദിദേവ് മുന്‍കൂര്‍ ജാമ്യവും നേടി. കണ്ണൂരിലെ പൊലീസുകാരന്റെ മകനാണ് ആദിദേവ്. കീര്‍ത്തന മരിച്ച് മൂന്ന് മാസമായിട്ടും ആദിദേവിനെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാകാത്തത് ഈ സ്വാധീനം മൂലമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരുടേയും പ്രതി ആദിദേവിന്റെയും മൊഴിയെടുത്തു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര വകുപ്പിന് കൈമാറും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണോയെന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും തീരുമാനിക്കുക.
.jpg)

