'ചമയങ്ങളണിയാത്ത നാട്യങ്ങളില്ലാത്ത നേതാവ്' ; കെ സി വേണുഗോപാലിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയംഗമമായ കുറിപ്പുമായി പഴകുളം മധു

Pazhakulam Madhu writes a heartfelt note on KC Venugopal's birthday

ആദ്യകാലത്ത് രാഹുൽ ഗാന്ധിയെ ഇന്ത്യൻ മാധ്യമങ്ങൾ തിരിച്ചറിയാതെ പോയപോലാണ് കെ സി വേണുഗോപാലിന്റെയും അനുഭവം എന്ന് തനിക്ക് പല സന്ദർഭങ്ങളിലും തോന്നിയിട്ടുണ്ട്. P R വർക്കിൽ ഒരിക്കലും വിശ്വസിക്കാത്ത ഒരു നേതാവായതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ഇമേജ് പെരുപ്പിച്ചു കാണിക്കാൻ കഴിഞ്ഞില്ല. പക്ഷെ അടുത്തിടപഴകാൻ അവസരം ലഭിച്ച സാധാരണ പാർട്ടി പ്രവർത്തകനും വോട്ടറും ആ ഹൃദയ നൈർമല്യം ആവോളം അനുഭവിച്ചിട്ടുണ്ടാകും.

പത്തനംതിട്ട : എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയംഗമമായ കുറിപ്പുമായി  കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. ചമയങ്ങളണിയാത്ത നാട്യങ്ങളില്ലാത്ത നേതാവാണ് കെ സി വേണുഗോപാലെന്നാണ് ഫേസ്ബുക്കിൽ പഴകുളം മധു കുറിച്ചത്. ആദ്യകാലത്ത് രാഹുൽ ഗാന്ധിയെ ഇന്ത്യൻ മാധ്യമങ്ങൾ തിരിച്ചറിയാതെ പോയപോലാണ് കെ സി വേണുഗോപാലിന്റെയും അനുഭവം എന്ന് തനിക്ക് പല സന്ദർഭങ്ങളിലും തോന്നിയിട്ടുണ്ട്. P R വർക്കിൽ ഒരിക്കലും വിശ്വസിക്കാത്ത ഒരു നേതാവായതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ഇമേജ് പെരുപ്പിച്ചു കാണിക്കാൻ കഴിഞ്ഞില്ല. പക്ഷെ അടുത്തിടപഴകാൻ അവസരം ലഭിച്ച സാധാരണ പാർട്ടി പ്രവർത്തകനും വോട്ടറും ആ ഹൃദയ നൈർമല്യം ആവോളം അനുഭവിച്ചിട്ടുണ്ടാകുമെന്നും പഴകുളം മധു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

tRootC1469263">


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ചമയങ്ങളണിയാത്ത 
നാട്യങ്ങളില്ലാത്ത നേതാവ് 
അതാണ് കെ സി വേണുഗോപാൽ...
കണ്ണൂരിലെ പയ്യന്നൂർ കണ്ടോന്താർ ഗ്രാമത്തിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെറുകയിൽ അദ്ദേഹം എത്തിയിട്ടുണ്ടെങ്കിൽ 
അത് അഞ്ച് പതിറ്റാണ്ടുകൾ നീണ്ട പൊതു ജീവിതത്തിന്റെ ധന്യത കാരണമാണ്.
അകലെ നിന്ന് കാണുന്നവർക്കും,അടുത്തു കാണുന്നവർക്കും. .
അങ്ങനെ രണ്ടുണ്ട് കെ സി. അദ്ദേഹം പൊതു പ്രവർത്തനം ആരംഭിച്ചു അധികം വൈകാതെ തന്നെ പരിചയപ്പെടാനും അടുത്തറിയാനും കഴിഞ്ഞ അനേകരിൽ ഒരാളാണ് ഞാൻ.

ആദ്യകാലത്ത് ശ്രീ രാഹുൽ ഗാന്ധിയെ ഇന്ത്യൻ മാധ്യമങ്ങൾ തിരിച്ചറിയാതെ പോയപോലാണ് ശ്രീ കെ സി വേണുഗോപാലിന്റെയും അനുഭവം എന്ന് എനിക്ക് പല സന്ദർഭങ്ങളിലും തോന്നിയിട്ടുണ്ട്. P R വർക്കിൽ ഒരിക്കലും വിശ്വസിക്കാത്ത ഒരു നേതാവായതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ഇമേജ് പെരുപ്പിച്ചു കാണിക്കാൻ കഴിഞ്ഞില്ല. പക്ഷെ അടുത്തിടപഴകാൻ അവസരം ലഭിച്ച സാധാരണ പാർട്ടി പ്രവർത്തകനും വോട്ടറും ആ ഹൃദയ നൈർമല്യം ആവോളം അനുഭവിച്ചിട്ടുണ്ടാകും.

kc venugopal

കേരളം വിട്ടു എങ്ങോട്ടും പോകാൻ ആഗ്രമില്ലാത്ത കെ സി യെ ഞങ്ങൾക്കറിയാം.എം പി യായി ഡൽഹിക്ക് വണ്ടി കയറാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.ആലപ്പുഴയും കണ്ണൂരും കേരളമെമ്പാടുമുള്ള ആത്മ ബന്ധങ്ങളും വിട്ട് എങ്ങോട്ടും പോകാൻ അദ്ദേഹം തയാറായിരുന്നില്ല.
അപ്രിയ സത്യങ്ങൾ മുഖത്ത് നോക്കി പറയും അദ്ദേഹം.അത് ലീഡർ ശ്രീ കെ കരുണാകരനോട് അദ്ദേഹം പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്.ഗ്രൂപ്പ് രാഷ്ട്രീയം കൊടികുത്തി വാണ കേരളത്തിൽ ഒരിക്കലും തീവ്ര നിലപാടലുകാരനായി കെ സി യെ ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു പരസ്യ നിലപാടും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല.എത്രയോ മഹനീയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ടെങ്കിലും കടുത്ത അവഗണയുടെ കൈപുനീരും അദ്ദേഹം കുടിച്ചിട്ടുണ്ട്. 

എന്റെ മനസ്സിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്ന വേണുഗോപാൽ ചിത്രം കെ എസ് യു പ്രസിഡന്റും യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റുമായിരുന്ന വേണുഗോപാലിന്റേതാണ്.എന്തൊരു പോരാട്ട വീര്യമായിരുന്നു.ഒരു കലാലയ വർഷം ഒന്നിലേറെ തവണ കാമ്പസ് സന്ദർശിക്കുന്ന,വന്നെന്നറിഞ്ഞാൽ കോളേജ് കാമ്പസ് ഒന്നടങ്കം ഒഴുകി എത്തി ഒരുനോക്ക് കാണാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾക്കിടയിലെ വേണുഗോപാൽ.കാമ്പസിന്റെ  ഹരമായിരുന്നു അദ്ദേഹം.അന്ന് നടന്ന വിദ്യാർത്ഥി സമരങ്ങൾ ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം.നന്ദാവനം എ ആർ ക്യാമ്പിൽ ക്രൂരമായ  പോലീസ് മർദ്ദനത്തെ,ദേഹമാസകലം അടികൊണ്ടു പുളഞ്ഞിട്ടും ചെറുത്തു നിൽക്കുന്ന കെ സി യെ അടുത്ത് നിന്ന് ഞാൻ കണ്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ സർവ്വകലാശാല യൂണിയനുകളും പിടിച്ചെടുക്കണമെന്ന വീറോടെ പൊരുതുന്ന വേണുഗോപാലിനെ,എല്ലാം കീഴടക്കി അവസാനം പാളയത്തിലെ പടയിൽ ഒരു വോട്ട് വ്യത്യാസത്തിൽ കേരള സർവ്വകലാശാല കൈവിട്ട് ഹതശനായി നിന്ന വേണുഗോപാൽ....
തീപാറുന്ന സമരങ്ങൾക്കൊണ്ട് കേരളത്തെ വസ്മയിപ്പിച്ച യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹം.ഓരോ പഞ്ചായത്തിലുമെത്തി യുവാക്കളെ അണിചേർക്കുന്ന വേണുഗോപാൽ എതിരാളികൾക്ക് എന്നും പേടിസ്വപ്നമാണ്.

KC Venugopal

കാസർഗോഡ് ലോകസഭ മുതൽ അദ്ദേഹം മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും. ഞാൻ പോയിട്ടുണ്ട്.അവിടെല്ലാം അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടു അന്ധാളിച്ചു നിന്നിട്ടുണ്ട് ഞങ്ങൾ. എം എൽ എ,മന്ത്രി,എം പി,കേന്ദ്ര മന്ത്രി,പി എ സി ചെയർമാൻ... എത്തിച്ചേർന്ന സ്ഥാനങ്ങളിലൊന്നും കറപുരളാത്ത വ്യക്തിത്വമായി അദ്ദേഹം പ്രശോഭിച്ചു. പാർട്ടി നേതാക്കൾക്കും ഘടക കക്ഷി നേതാക്കൾക്കും ഒരുപോലെ വിശ്വസിക്കാൻ കഴിയുന്ന നേതാവാണ് അദ്ദേഹം.വാക്കിനു വിലയുള്ള നേതാവ്.മതേതരത്വത്തിൽ വെള്ളം ചേർക്കാത്ത നേതാവ്.

ഇന്നലെ വരെ ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അവിശ്വസനീയമാണ്.വർഗീയതക്കെതിരെ പോരാടുമ്പോൾ എന്തൊരു ഊർജമാണ് അദ്ദേഹത്തിന്.ഇ ഡി ക്കും സി ബി ഐക്കും, മോദിക്കും അമിത് ഷാക്കും,അദാനിക്കും അംബാനിക്കും കീഴ്പ്പെടുത്താൻ പറ്റാത്ത ഒരേയൊരു വേണുഗോപാൽ നമുക്കും നമ്മുടെ നാടിനും അഭിമാനം നൽകുന്ന നേതാവാണ്.  ഗാന്ധി കുടുംബം ഇത്രമേൽ വിശ്വസിച്ച ,ആശ്രയിച്ച നേതാക്കൾ വിരളം.ആ വിശ്വാസം കൈവിടാതെ സൂക്ഷിക്കണമെങ്കിൽ തപസ്സിന്റെ ഏകാഗ്രതയും സൂക്ഷ്മതയും വേണമെന്ന് എല്ലാർക്കുമറിയാം. 

അഹന്ത തൊട്ടു തീണ്ടാത്ത ഒരു പച്ചയായ മനുഷ്യനാണ് അദ്ദേഹം.എപ്പോഴും ചിരിക്കാത്ത,എപ്പോഴും ചിന്തിക്കുന്ന,പ്രലോഭിപ്പിക്കുന്ന എല്ലാത്തിനോടും നിർമമതയോടെ  ഇടപെടാൻ കഴിയുന്ന നേതാവ്. തന്റെ പ്രിയ നേതാവ് രാഹുൽ ഗാന്ധിയോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്ഥതയും സ്നേഹവും രാജ്യത്ത് അറിയാത്തവരില്ല.അദ്ദേഹം രാഹുൽ ഗാന്ധിക്ക് ഇടം കയ്യാണോ വലംകൈ ആണോ എന്നതിൽ  മാത്രമേ സംശയമുള്ളൂ.
ഇപ്പൊ അദ്ദേഹമിരിക്കുന്ന സ്ഥാനം അധികം ആൾക്കാർ സ്വപ്നം കാണാറുപോലുമില്ല.കാരണം അത് കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അതിവീശിഷ്ടമായ ഒരു പദവിയാണ്.ആ കസേരയിൽ ഇരുന്നുകൊണ്ട് വേണമെങ്കിൽ എന്തും ചെയ്യാം.ആർക്കും എന്തും വാരിക്കോരി കൊടുക്കാം.മുൻപ് ആ കസേരയിൽ ഇരുന്നവർ ഒരുപക്ഷെ അങ്ങനെ ചെയ്തിട്ടുമുണ്ടാകാം.പക്ഷെ വേണുഗോപാൽ അവിടെയും വ്യത്യസ്തനാണ്.സ്ഥാനം കിട്ടിയ നേതാക്കളുടെ എണ്ണവും പേരും നോക്കിയാലറിയാം,സ്വന്തമെന്ന് മറ്റുള്ളവർ വിധി എഴുതുന്ന ആരെയും അദ്ദേഹം കൈവിട്ടു സഹായിച്ചില്ല. 

കെ എസ് യു പ്രസിഡന്റായിരുന്ന,യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ആയിരുന്ന-എല്ലാവരെയും ചേർത്തു പിടിച്ചു,ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കള്ളിയിൽ ഒതുങ്ങാത്ത,അല്ല കുടുങ്ങാത്ത വേണുഗോപാലാണ് സംഘടനാ ചുമതലയുള്ള വേണുഗോപാലും.അദ്ദേഹം ഇരുന്ന സ്ഥാനങ്ങിൽ എല്ലാവരുടെയും നേതാവായിരുന്നു.അതാണ് ആ വ്യക്തിത്വത്തിന്റെ തിളക്കം നാൾക്കുനാൾ വർധിപ്പിക്കുന്നത്.

ശ്രീ കെ കരുണകരന്റെയും ശ്രീ എ കെ ആന്റണിയുടെയും സ്വഭാവഗുണങ്ങൾ സമ്മിശ്രമായി അലിഞ്ഞു ചേർന്ന ഒരു നേതാവ് എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ വിലയിരുത്തുന്നത്. ഇന്നത്തെ കാലത്ത് കേരളത്തിലെ കോൺഗ്രസിനെ,യു ഡി എഫിനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്ന നേതാവ്.നമ്മുടെ പാർട്ടിയെ കാശ്‍മീർ മുതൽ കന്യാകുമാരി വരെ മതേതരത്വത്തിന്റെ പടച്ചട്ടയണിഞ്ഞു സംരക്ഷിക്കുന്ന നേതാവ്. പൊതു രംഗത്ത് സജീവമായിട്ട് 50 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ,ജന്മ ദിനത്തിൽ ആശംസകൾ നേരുന്നു,പ്രിയ നേതാവിന്.......

Tags