വിജയപാതയില്‍ കണ്ണൂരിന്റെ കെ.സി ; കന്നഡ മണ്ണില്‍ കോണ്‍ഗ്രസ് വീണ്ടും വെന്നിക്കൊടി നാട്ടി

കണ്ണൂര്‍: എ. ഐ.സി.സി ജനറല്‍ സെക്രട്ടറിയായതിനു ശേഷം തൊട്ടതെല്ലാം പിഴച്ച കണ്ണൂരുകാരനായ എ. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ക്കുളള വിജയം കൂടിയായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ തിളക്കമാര്‍ന്ന വിജയം.
നേരത്തെ യു വനേതാക്കളും പാരമ്പര്യമുളളവരും പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുന്നതും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തളര്‍ന്നതുമൊക്കെ കെ.സി വേണുഗോപാലിനെതിരെ എതിരാളികള്‍ ആയുധമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ പാഠം പഠിച്ചു ബി.ജെ.പിയെ കന്നഡ മണ്ണില്‍നിന്നും അടിയറപറയിക്കാന്‍ കെ.സി ഒരുക്കിയ തന്ത്രങ്ങളാണ് വിജയം കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രിയും കര്‍ണാടകയിലേക്ക് പറന്നിറങ്ങി ദേശീയ രാഷ്ട്രീയം പ്രചരണവിഷയമാക്കിയപ്പോള്‍ സംസ്ഥാനരാഷ്ട്രീയവും വികസനവുമാണ് ചര്‍ച്ച ചെയ്യുന്നതിനാണ് കെ.സി വേണുഗോപാല്‍ ഊന്നല്‍ നല്‍കിയത്. നേരത്തെ കര്‍ണാടപാര്‍ട്ടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന അദ്ദേഹത്തെ നേതാക്കളുമായുളള അടുത്ത ബന്ധവും മാസ്റ്റര്‍ പ്‌ളാന്‍ വിജയത്തിലെത്തിക്കുന്നതിന് സഹായിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് ഓരോ നീക്കങ്ങളും ജാഗ്രതയോടെ നടത്തുന്ന സംഘമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കെ.സി.വേണുഗോപാലിനൊപ്പം കര്‍ണ്ണാടകത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ , പ്രചരണ സമിതി അധ്യക്ഷന്‍ എം.ബി പാട്ടീല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രചരണങ്ങള്‍ക്കും തന്ത്രങ്ങളൊരുക്കാനും കെ.സി വേണുഗോപാലിന് കഴിഞ്ഞു.
നേതാക്കള്‍ക്കിടയിലെ ഭിന്നസ്വരങ്ങള്‍ കോണ്‍ഗ്രസിന് മുന്നില്‍ കീറാമുട്ടിയായി നിന്നിരുന്ന ഒരു സമയം കര്‍ണ്ണാടക കോണ്‍ഗ്രസിലുണ്ടായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് കെ.സി.വേണുഗോപാലിനെ അനുരഞ്ജന ദൗത്യത്തിനായി ദേശീയ നേതൃത്വം നിയോഗിക്കുന്നത്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിച്ച് പ്രസ്ഥാനം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ കെ.സി.വേണുഗോപാലിന് ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു.
അദ്ദേഹത്തെ സംബന്ധിച്ച് കര്‍ണാടകത്തിലെ പ്രശ്‌ന പരിഹാരം അത്ര ശ്രമകരമായ ദൗത്യമായിരുന്നില്ല. 2018ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ തുടര്‍ ഭരണം ലഭ്യമാക്കിയതില്‍ സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എന്നനിലയില്‍ കെ.സി.വേണുഗോപാലിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു.
ഇതടക്കമുള്ള കര്‍ണ്ണാടകത്തിലെ അനുഭവ സമ്പത്ത് അദ്ദേഹത്തിന് നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സമവാക്യങ്ങള്‍ എന്നിവയെ കുറിച്ച് വേഗത്തില്‍ മനസ്സിലാക്കുന്നതിനും പരിഹാരം കണ്ടെത്തിുന്നതിനും സഹായകമായി. സംസ്ഥാനത്തിന്റ ചുമതല വഹിച്ചിരുന്നപ്പോള്‍ കര്‍ണാടകത്തിലെ മുക്കിലും മൂലയിലും സഞ്ചരിച്ച് നേതാക്കളും പ്രവര്‍ത്തകരുമായി ഉണ്ടാക്കിയെടുത്ത ബന്ധം ഇതില്‍ അദ്ദേഹത്തിന് മുതല്‍കൂട്ടായി.
പ്രശ്‌ന ബാധിതമാകുമെന്ന് കരുതിയിരുന്ന സീറ്റ് വിഭജനം പോലും അനായാസമായി പൂര്‍ത്തിയാക്കാന്‍ ഈ അനുഭവ സമ്പത്ത് സഹായകമായി. കോണ്‍ഗ്രസിലെ പ്രതികൂല കാലാവസ്ഥയെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നതായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍. എന്നാല്‍ കെ.സി.വേണുഗോപാലിന്റെ ഇടപെടലിന്റെ ഫലമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യ അന്തരീക്ഷം സംജാതമായാതോടെ ബി.ജെ.പി വ്യാമോഹങ്ങള്‍ ആദ്യ ലാപ്പില്‍ തന്നെ തകര്‍ന്നടിഞ്ഞു.
ഇതിനു ശേഷം എണ്ണയിട്ട യന്ത്രം പോലെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുതുടങ്ങി. ജയിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു അടുത്ത കടമ്പ . ആ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന നേതൃത്വത്തെ സജീവമാക്കി നിര്‍ത്താനായി ചെറുതും വലുതുമായതക്കം എണ്ണമറ്റ യോഗങ്ങളിലാണ് കെ.സി.വേണുഗോപാല്‍ സംസ്ഥാനത്ത് പങ്കെടുത്തത്.
സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ ഈ യോഗങ്ങളില്‍ പങ്കെടുത്തു. സമുദായ സംഘടനകളുമായി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മഠാധിപതികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഹിന്ദുക്രിസ്ത്യന്‍മുസ്ലീം മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇവയൊന്നും മാധ്യമങ്ങളുടെ അകമ്പടിയോടെ ആയിരുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹരിഹറിലെ പഞ്ചമസാലി ജഗ്ദഗുരു പീഠത്തിലും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോയെ ബിഷപ്പ് ഹൗസിലും സന്ദര്‍ശിച്ച് നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിറം കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു.
മുന്‍പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ നിയോജക മണ്ഡലം തിരിച്ച് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കിയത് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിന് വഴിയൊരുക്കി. ഇതിനൊപ്പം നിശ്ചിത ഇടവേളകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുടെ റാലികള്‍ കൂടിയായതോടെ പ്രചരണ രംഗത്ത് കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനായി.
. ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തിുയതും കെ.സി വേണുഗോപാലിന്റെ തന്ത്രങ്ങളിലൊന്നായിരുന്നു. മറ്റെല്ലാ ഉത്തരവാദിത്തങ്ങളും തത്കാലികമായി മാറ്റിവെച്ച്് പൂര്‍ണസമയം കര്‍ണാടകത്തില്‍ ചെലവഴിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍.
കര്‍ണാടകത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ ചര്‍ച്ചകള്‍ നടത്തുകയും ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രൂപം നല്‍കുകയും കൂടി ചെയ്തപ്പോള്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് പ്രചരണം സമാനതകളില്ലാത്തതായി.
മോദിയുടെയും അദാനിയുടെയും കൂട്ടുകൃഷി തുറന്നുപറഞ്ഞതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ച ഫാസിസ്റ്റ് ഭരണത്തിനുള്ള മറുപടി കൂടിയാവണം തിരഞ്ഞെടുപ്പ് ഫലമെന്ന നിര്‍ബന്ധം അദ്ദേഹം സിദ്ധരാമയ്യ,ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പങ്കുവെച്ചു.
ബി.ജെ.പിയെ പരാജയപ്പെടുത്തുക, അതിലും വലുതല്ല മറ്റ് പ്രശ്‌നങ്ങളെന്നും അത് മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് വേണ്ടതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശം അദ്ദേഹം നേതാക്കള്‍ക്ക് നല്‍കി. അതുള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ രംഗത്തുടനീളം കാണാന്‍ സാധിച്ചത്.
ബി.ജെ.പിയുടെ ഹിന്ദുത്വ കാര്‍ഡിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചും ജാതിസെന്‍സസിലും സംവരണ വിഷയത്തിലും ഉള്‍പ്പെടെ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധത തുറന്ന് കാട്ടിയുമുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം വിജയം കണ്ടു. ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ നാലുശതമാനം മുസ്ലീം സംവരണം പുനഃസ്ഥാപിക്കും, സംവരണ പരിധി 50 ശതമാനത്തില്‍ നിന്നും 75 ശതമാനമായി ഉയര്‍ത്തും തുടങ്ങീ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.
ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്കിടയിലും മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്നു തെളിയിക്കുന്നതാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.