യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥിക്കെതിരെ സിപിഎമ്മിന്റെ വർഗീയ പ്രചാരണം ; മതേതര കേരളത്തിന് അപമാനമെന്ന് കെ സി വേണുഗോപാൽ എംപി
കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥിക്കെതിരെ കടുത്ത വർഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വർഗീയ പരാമർശം സിപിഎം ക്യാമ്പ് നടത്തുന്നത്. പരാജയ ഭീതികാരണം തീവ്ര വർഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാഫിർ സ്‌ക്രീൻ ഷോർട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വർഗീയത പറഞ്ഞും ജനങ്ങളിൽ വിദ്വേഷവും വളർത്തിയും തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റെത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങൾക്ക് വിരുദ്ധമാണ് സിപിഎം നടപടി. സിപിഎമ്മും എൽഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനൽ കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
.jpg)


